Football
അവൻ നല്ല കുട്ടിയായത്​ കൊണ്ടാണ്​ അങ്ങനെ പറഞ്ഞത്​, പക്ഷേ ഫൈനലില്‍ എല്ലാവരും കളിക്കുന്നത് ജയിക്കാന്‍ നെയ്മറിന് മറുപടിയുമായി മെസ്സി
Football

"അവൻ നല്ല കുട്ടിയായത്​ കൊണ്ടാണ്​ അങ്ങനെ പറഞ്ഞത്​, പക്ഷേ ഫൈനലില്‍ എല്ലാവരും കളിക്കുന്നത് ജയിക്കാന്‍" നെയ്മറിന് മറുപടിയുമായി മെസ്സി

Web Desk
|
7 July 2021 9:29 AM GMT

2007 കോപ്പയിലാണ്​ അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ബ്രസീൽ വിജയിച്ചിരുന്നു

കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ഫൈനലിൽ എത്തിയതിനുപിന്നാലെ ബ്രസീൽ താരം നെയ്മറിന് മറുപടിയുമായി ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുമുള്ള നെയ്മറിന്റെ കമന്റിനാണ് മെസ്സിയുടെ മറുപടി. ഇന്ന് കൊളംബിയയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു അർജന്റീന കോപ അമേരിക്ക ഫൈനലിലേക്ക് മുന്നേറിയത്.

അർജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന്​ മുന്നോടിയായിട്ടായിരുന്നു​ നെയ്​മറിന്‍റെ പാതിതമാശയിലെ വെല്ലുവിളി. 'എനിക്ക് ഫൈനലിൽ​ അർജന്‍റീനയെ വേണം, ഞാൻ അവരോടൊപ്പമാണ്​. എനിക്ക്​ അവിടെ സുഹൃത്തുക്കളുണ്ട്​. പക്ഷേ ഫൈനൽ വിജയിക്കുന്നത്​ ബ്രസീലായിരിക്കും'- നെയ്​മർ ചിരിച്ചുകൊണ്ട്​ പറഞ്ഞു. സെമിവിജയത്തിന്​ ശേഷം നെയ്​മറിന്​ മെസ്സി മറുപടിയും നൽകി. 'നല്ല കുട്ടിയായത്​ കൊണ്ടാണ്​ അവൻ അങ്ങനെ പറഞ്ഞത്​. ഞങ്ങൾ രണ്ടുപേരും ഫൈനലിലെത്തി. നാമെല്ലാവരും പ്രതീക്ഷിക്കുന്ന പോലൊരു ഫൈനലാകും അത്​. തീർച്ചയായും കടുത്ത മത്സരമായിരിക്കും. ഞങ്ങൾ ആദ്യ ലക്ഷ്യം നേടി, എല്ലാ മത്സരങ്ങളും കളിക്കുക എന്നതായിരുന്നു അത്. ഇനി ആ ഫൈനലിൽ കൂടി വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും'​' -മെസ്സി പറഞ്ഞു.

സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന്​ കൊളംബിയൻ താരങ്ങളുടെ കിക്കുകൾ തടുത്തിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെയും മെസ്സി പുകഴ്​ത്തി. "ചില സമയങ്ങളിൽ മത്സരം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഒരു പ്രതിഭാസമായി എമി ഞങ്ങൾക്കൊപ്പമുണ്ട്. താരത്തെക്കുറിച്ച് ഞങ്ങൾക്ക് ആത്മവിശ്വാസവുമുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കളിക്കുകയെന്ന ലക്‌ഷ്യത്തിലെത്തിയ ഞങ്ങൾ ഫൈനലിലേക്ക് മുന്നേറിക്കഴിഞ്ഞു."

2007 കോപ്പയിലാണ്​ അർജന്‍റീനയും ബ്രസീലും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ ബ്രസീൽ വിജയിച്ചിരുന്നു. 2004ലെ കോപ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടർന്ന് 4-2ന് പെനാൽറ്റിയിലാണ് ബ്രസീൽ വിജയിച്ചത്.

Similar Posts