Football
Messi, Barcelona, Return

ലയണൽ മെസി   

Football

മെസി തിരിച്ചുവരും; സൂചന നൽകി ഷാവിയും പി.എസ്.ജി കോച്ചും

Web Desk
|
1 April 2023 5:12 AM GMT

ഷാവിയുടെയും ബാഴ്സ വൈസ് പ്രസിഡണ്ടിന്റെയും വാക്കുകളിലെ സൂചന ശരിവെക്കുന്നതാണ് പി.എസ്.ജി മാനേജർ ഗാൾട്ടിയറുടെ പ്രസ്താവന

സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണയിൽ തിരിച്ചെത്താനുള്ള സാധ്യത ശക്തമാവുന്നു. മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ബാഴ്‌സലോണ കോച്ച് ഷാവി ഹെർണാണ്ടസും ക്ലബ്ബ് വൈസ് പ്രസിഡണ്ട് റാഫ യുസ്‌തെയും നടത്തിയ പ്രസ്താവനകളാണ് താരത്തിന്റെയും ക്ലബ്ബിന്റെയും ആരാധകർക്ക് ആവേശം പകരുന്നത്. ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ഇതുവരെ പുതുക്കിയിട്ടില്ലെന്ന് പി.എസ്.ജി മാനേജർ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കുകയും ചെയ്തു.

മെസിയെ വീണ്ടും ബാഴ്‌സയിൽ കാണാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരം തിരിച്ചുവരികയാണെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുക താനായിരിക്കുമെന്നും ഷാവിയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. മെസി ക്യാംപുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും റാഫ യുക്തയും വ്യക്തമാക്കി.

'മെസി തിരിച്ചുവരവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങൾ പലതും ചെയ്യുന്നുണ്ട്. പക്ഷേ, അത് എന്നെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. മെസിയുടെ സന്തോഷവും താൻ തിരിച്ചുവരണോ എന്ന തീരുമാനവും ആണ് പ്രധാനം.' - ഷാവി പറഞ്ഞു. 'അതേപ്പറ്റി സംസാരിക്കാനുള്ള ശരിയായ സമയം അല്ല ഇത്. പക്ഷേ, മെസി തിരിച്ചുവരികയാണെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാൾ ഞാനായിരിക്കും.'

'തീർച്ചയായും ഞാൻ ലിയോ മെസിയെ സ്‌നേഹിക്കുന്നു. അദ്ദേഹം ബാഴ്‌സയിൽ വളർന്നുവരുന്നത് കണ്ടയാളാണ് ഞാൻ. തിരിച്ചുവരവ് സാധ്യതയെപ്പറ്റി ആളുകൾക്ക് ആഹ്ലാദമുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. മൈക്കൽ ജോർദാനെപ്പോലെ, മെസിയുടെ അവസാന നൃത്തം കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു.' - ഷാവി പറഞ്ഞു.

'മെസി ബാഴ്‌സ നഗരത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്നത് തീർച്ചയാണ്. അതിനാൽ അദ്ദേഹത്തിന്റെ ചരിത്രം ഇവിടെ തുടരുന്നതിന് ശരിയായ അന്തരീക്ഷം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്.' - എന്നാണ് ബാഴ്‌സ വൈസ് പ്രസിഡണ്ട് റാഫ യുസ്‌തെ പറഞ്ഞത്. 'മെസിയുടെ ക്യാംപുമായി ഞങ്ങൾ ബന്ധം പുലർത്തി വരികയാണ്. ഞങ്ങൾ അദ്ദേഹത്തെ എത്രമാത്രം ബഹുമാനിക്കുന്നുവെന്ന് ലിയോയ്ക്കറിയാം. അദ്ദേഹം തിരിച്ചുവരുന്നത് എനിക്കേറെ ഇഷ്ടവുമാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മെസിയും പി.എസ്.ജിയും തമ്മിലുള്ള ഇടപാടിനെപ്പറ്റി സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴത്തേതെന്ന് പി.എസ്.ജി മാനേജർ ക്രിസ്റ്റോഫ് ഗാൾട്ടിയറും പറഞ്ഞു.

'ലിയോയ്ക്ക് ഒരു നിലപാടും ക്ലബ്ബിന് ഒരു നിലപാടും ഉണ്ട്. രണ്ട് കക്ഷികൾക്കുമിടയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മെസ്സി എന്ത് തീരുമാനിച്ചാലും ക്ലബ്ബ് എന്ത് തീരുമാനിച്ചാലും അത് പറയേണ്ടയാൾ ഞാനല്ല. അത് രഹസ്യസ്വാഭാവമുള്ളതാണ്.' - ഗാൾട്ടിയർ പറഞ്ഞു.

2020-21 സീസൺ അവസാനത്തോടെയാണ് ബാഴ്‌സ കരാർ പുതുക്കാത്തതിനെ തുടർന്ന് മെസി ക്ലബ്ബ് വിട്ട് പി.എസ്.ജിയിൽ ചേർന്നത്. എന്നാൽ, പുതിയ തട്ടകത്തിൽ താരത്തിന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനോ ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ കിരീടങ്ങൾ നേടാനോ കഴിഞ്ഞില്ല. സമീപകാലത്ത് മെസിയെ പി.എസ്.ജി ആരാധകർ കൂവിവിളിക്കുക പോലുള്ള സംഭവങ്ങളുമുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടോളം ബാഴ്‌സ നഗരത്തിൽ താമസിച്ച മെസിയുടെ കുടുംബത്തിന് പാരിസ് അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്ന വാർത്തയുമുണ്ടായിരുന്നു.

Also Read:മെസിക്കായി വീണ്ടും ബാഴ്‌സലോണ; തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി വൈസ് പ്രസിഡന്റ്‌

Similar Posts