Football
ഗോളിന് പിന്നാലെ ഹിലാൽ കളിക്കാരന്റെ സ്യൂ ആഘോഷം; തിരിച്ചടിച്ച് റൊണാൾഡോ, അതും രണ്ട് തവണ
Football

ഗോളിന് പിന്നാലെ ഹിലാൽ കളിക്കാരന്റെ 'സ്യൂ' ആഘോഷം; തിരിച്ചടിച്ച് റൊണാൾഡോ, അതും രണ്ട് തവണ

Web Desk
|
13 Aug 2023 3:18 AM GMT

ചരിത്രത്തിൽ ആദ്യമായാണ് അൽനസർ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്

റിയാദ്: അറബ് കപ്പ് ഫൈനലിൽ മിന്നിത്തിളങ്ങിയത് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. താരത്തിന്റെ ഇരട്ട ഗോളുകളാണ് അൽ നസറിന് കിരീടം നേടിക്കൊടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് അൽനസർ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. മത്സരത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങൾക്കും സാക്ഷ്യംവഹിച്ചിരുന്നു.

അതിലൊന്നായിരുന്നു ആദ്യ ഗോൾ നേടിയതിന് പിന്നാലെ അൽ ഹിലാലിന്റെ ബ്രസീൽ താരം മിഷേലിന്റെ ആഹ്ലാദ പ്രകടനം. ഓടിയെത്തി വായുവിൽ ഉയർന്നുചാടിയുള്ള റൊണാൾഡോയുടെ 'സ്യൂ' ആഘോഷമായിരുന്നു മിഷേൽ പുറത്തെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാക്ഷി നിർത്തിയായിരുന്നു ഇങ്ങനെയൊരു ചാട്ടം. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു മിഷേലിന്റെ ഗോളും സ്യൂയി ആഘോഷവും. അൽ നസർ ആരാധകരെ നിശബദ്മാക്കിയ ആ ഗോൾ പിറന്നത് 51ാം മിനുറ്റിലും.

എന്നാൽ മിഷേലിന്റെ ആഘോഷത്തിന് അൽപായുസെ ഉണ്ടായിരുന്നുള്ളൂ. റൊണാൾഡോ തന്നെ തിരിച്ചടിച്ചു, ഒന്നല്ല രണ്ടുവട്ടം. 74, 98( എക്സ്ട്രാ ടൈം) മിനുറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. സ്വതസിദ്ധമായ ശൈലിയിൽ തന്നെ റൊണാൾഡോ ആഘോഷിച്ചു. ഒറിജിനല്‍ 'സ്യൂ ആഘോഷം' ഹിലാല്‍ കളിക്കാര്‍ക്കും മിഷേലിനും റൊണാള്‍ഡോ കാണിച്ചുകൊടുത്തു. താരം നേടിയ രണ്ട് ഗോളുകൾ അൽ നസറിന് കിരീടവും നേടിക്കൊടുത്തു. മത്സരത്തില്‍ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസര്‍ പരാജയപ്പെടുത്തിയത്. റെഡ്കാർഡിലൂടെ പത്ത് പേരായി ചുരുങ്ങിയ ടീമിനെ ഇരട്ട ഗോളിന്റെ മികവിലാണ് ക്രിസ്റ്റ്യാനോ കിരീടത്തിലെത്തിച്ചത്.

37 അറബ് ആഫ്രിക്കൻ ടീമുകൾ പങ്കെടുത്ത അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് പൂർത്തിയാകുന്നത് അന്താരാഷ്ട്ര മികവിലാണ്. യൂറോപ്പിലുൾപ്പെടെ മത്സരത്തിന്റെ സംപ്രേഷണമുണ്ടായിരുന്നു. വരാനിരിക്കുന്ന അറബ് മേഖലയുടെ ഫുട്ബോളിന്റെ ചിത്രം വരച്ചു കാട്ടുന്നതായിരുന്നു മത്സരം. 60,000ത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഗ്യാലറികൾ സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ ചൂടു കാലമായതിനാൽ, മികച്ച കാലാവസ്ഥയുള്ള ഹൈറേഞ്ചായ ത്വാഇഫിലെ, 20,000 പേർക്കിരിക്കാവുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ നടന്നത്.

Watch Video

Similar Posts