'ഹൃദയഭേദകമായ ക്രൂരത, സഹായങ്ങൾ ഉടൻ ലഭ്യമാക്കണം'; ഗസ്സക്ക് പിന്തുണയുമായി സലാഹ്
|''ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, അസഹനീയമാണ് കാര്യങ്ങൾ''
ലണ്ടന്‍: ഗസ്സക്ക് പിന്തുണയുമായി ഫുട്ബോൾ താരം മുഹമ്മദ് സലാഹ്. മാനുഷിക സഹായങ്ങൾ ഉടൻ ലഭ്യമാക്കണം. ഹൃദയഭേദകമായ ക്രൂരതയാണ് നടക്കുന്നതെന്നും മുഹമ്മദ് സലാഹ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
“ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മെഡിക്കൽ ഉപകരണങ്ങളും അടിയന്തിരമായി ആവശ്യമാണ്, ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും ഉണ്ടായിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍''-സലാഹ് പറയുന്നു.
''എല്ലാ ജീവിതങ്ങളും പവിത്രമാണ്, അവ സംരക്ഷിക്കപ്പെടണം”-അദ്ദേഹം കൂട്ടിച്ചേർത്തു. “കൊലപാതകങ്ങൾ അവസാനിപ്പിക്കണം. കുടുംബങ്ങൾ ശിഥിലമാകുകയാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉടൻ അനുവദിക്കണം എന്നതാണ് ഇപ്പോൾ മനസിലാകുന്നത്. അവിടെയുള്ള ആളുകൾ ഭയാനകമായ അവസ്ഥയിലാണ്''- സലാഹ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആക്രമണം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സയിൽ മാനുഷിക പ്രതിസന്ധി അതീവ സങ്കീർണമാണ്. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിർത്തി എപ്പോൾ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല. ജോർദാൻ യാത്ര റദ്ദാക്കിയ യു.എസ് പ്രസിഡന്റ് ഇന്ന് ഇസ്രായേലിൽ നിന്ന് മടങ്ങും.
അവസാന കണക്കുപ്രകാരം ഗസ്സയിൽ മരണസംഖ്യ 3,478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065 ആയി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നവർ ചുരുങ്ങിയത് 1200ൽ ഏറെ വരും. അവരിൽ 600ൽ അധികവും കുട്ടികളാണ്. എന്നിട്ടും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ബോംബർ വിമാനങ്ങൾ തീതുപ്പുന്നത് തുടരുകയാണ്.
— Mohamed Salah (@MoSalah) October 18, 2023
Summary- Mo Salah calls on world leaders to ‘prevent further slaughter of innocent souls’ in Gaza