സലാ മാജിക്കില്‍ ഈജിപ്‍ത് ആഫ്കോൺ സെമിയിൽ
|മത്സരത്തിന്റെ വിജയാഹ്ലാദത്തിനിടയിലും എതിർ ടീം താരങ്ങളെ ആശ്വസിപ്പിക്കുന്ന സലായുടെ ചിത്രമാണ് ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്
സലാ മാജിക്കില്‍ ഈജിപ്ത് അഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറാക്കോയെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് ജയം സ്വന്തമാക്കിയത്. ലിവർപൂൾ സൂപ്പർ താരം സലായുടെ മികച്ച പ്രകടനമാണ് ഈജിപ്തിന് തുണയായത്. അഹ്മദു അഹിജോ സ്റ്റേഡിയത്തിൽ ഒരു ഗോളടിച്ച സലാ മറ്റൊരു ഗോളിന് അസിസ്റ്റുമൊരുക്കി. സോഫിയാൻ ബൗഫലാണ് മൊറോക്കോയുടെ ഗോള്‍ നേടിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ബൗഫലിന്റെ പെനാൽറ്റിയിലൂടെ മൊറോക്കോയാണ് ലീഡ് നേടിയത്. പിന്നീട് രണ്ടാം പകുതിയിലാണ് ഈജിപ്ത് സമനില പിടിച്ചത്. 53ആം മിനുട്ടിൽ മൊ സലായിലൂടെ ഫറവോസ് സമനില പിടിച്ചു. പിന്നീട് എക്സ്ട്രാ ടൈമിൽ മഹ്മൂദ് ട്രെസെഗെറ്റിന്റെ ഗോളിലാണ് ഈജിപ്ത് ജയം നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും സലായായിരുന്നു. സെമിയിൽ കാമറൂൺ ആണ് ഈജിപ്തിന്റെ എതിരാളികൾ.
മത്സരത്തിന്റെ വിജയാഹ്ലാദത്തിനിടയിലും എതിർ ടീം താരങ്ങളെ ആശ്വസിപ്പിക്കുന്ന സലായുടെ ചിത്രമാണ് ഫുട്ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. പി.എസ്.ജി താരം അഷ്‌റഫ് ഹക്കിമിയെ താരം ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മൊറോക്കോ നടത്തിയ കുതിപ്പിനു പിന്നിൽ പ്രവർത്തിച്ച പ്രധാന താരമായിരുന്നു അഷ്‌റഫ് ഹക്കിമി. ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യതയുള്ള ടീം ക്വാർട്ടറിൽ പുറത്താകേണ്ടി വന്ന വേദനയെ മനസിലാക്കി ആശ്വസിപ്പിച്ച സലായുടെ പ്രവൃത്തി ഫുട്ബോൾ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്.