മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു
|ഐ.എസ്.എല്‍ ക്ലബായ എ.ടി.കെ മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും മിഥുൻചക്രവർത്തിയും പങ്കെടുത്ത ചടങ്ങിൽ വെച്ച് ചൊവ്വാഴ്ച ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു. ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് അരിന്ദം ഭട്ടാചാര്യയുടെ രാഷ്ട്രീയ പ്രവേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നും പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പ്രതികരിച്ചു. 'എനിക്ക് ഫുട്ബാൾ ആരാധകരുടെ പക്കൽ നിന്ന് ധാരാളം സ്നേഹവും ആദരവും ലഭിച്ചു. ഇപ്പോൾ അത് തിരികെ നൽകാനുള്ള അവസരമാണ്. മോദിജിയുടെ നേതൃത്വത്തിന് കീഴിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു' -ഭട്ടാചാര്യ പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിക്കായി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുമെന്നും ഭട്ടാചാര്യ സൂചിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഐ.എസ്.എല്ലിലെ ഗോൾഡൻ ഗ്ലൗ ജേതാവാണ് ഭട്ടാചാര്യ.