'കിരീടം മാത്രമല്ല, മോഹൻ ബഗാൻ എനിക്ക് ആ ഉറപ്പും തന്നു': മനസ് തുറന്ന് സഹൽ
|ഐ.എസ്.എൽ കിരീടം നേടുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് സഹൽ വ്യക്തമാക്കുകയും ചെയ്തിരുന്നു
കൊൽക്കത്ത: മലയാളി താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. വെളിപ്പെടുത്താനാവാത്തൊരു 'ഡീലിലാണ്' സഹൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ട് മോഹൻ ബഗാനിൽ എത്തുന്നത്. ബഗാനിൽ നിന്ന് നായകൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സിലെത്തുകയും ചെയ്തു. ഐ.എസ്.എൽ കിരീടം നേടുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് സഹൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് താരം കൂടുതൽ കാര്യങ്ങൽ വെളിപ്പെടുത്തിയിരിക്കുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ പന്തുതട്ടാൻ(അറ്റാക്കിങ് മിഡ്ഫീൽഡർ)അവസരം ലഭിക്കും എന്നുള്ളതാണ് തന്നെ മോഹൻ ബഗാനിലേക്ക് ആകർഷിച്ചതെന്ന് സഹൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സഹൽ ഇക്കാര്യം പറഞ്ഞത്.
''മറ്റൊരു ക്ലബ്ബിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ വന്നപ്പോൾ എന്റെ പൊസിഷനെക്കുറിച്ച് ഞാൻ അന്വേഷിച്ചിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന നിലക്ക് ഉപയോഗിക്കാനാണ് പദ്ധതിയെന്ന് മോഹൻ ബഗാൻ വ്യക്തമാക്കി. അക്കാര്യം എന്നെ മോഹിപ്പിച്ചു. ഐ.എസ്.എല്ലില്‍ അവർക്ക് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്''- സഹൽ പറഞ്ഞു. ഇന്ത്യൻ ടീമില്‍ സഹലിനെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന നിലക്കാണ് ഉപയോഗപ്പെടുത്തിയിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പലപ്പോഴും വിങ്ങറുടെ റോളായിരുന്നു താരത്തിന്.
ഇക്കഴിഞ്ഞ ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫിലുമൊക്കെ മികച്ച നീക്കങ്ങളുമായി സഹൽ കളം നിറഞ്ഞിരുന്നു. അതേസമയം സഹലിന് പിന്നലെ ബഗാൻ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സഹലിന്റെ താത്പര്യങ്ങൾ മനസിലാക്കി ബംഗളൂരു എഫ്.സിയും ഒഡീഷ എഫ്.സിയും ചെന്നൈൻ എഫ്.സിയുമൊക്കെ താരത്തെ സമീപിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്നുപോലും സഹലിനെ അന്വേഷിച്ചിരുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സഹലിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും വരും സീസണിൽ ടീമിന്റെ കുന്തമുനയായി തന്നെ താരത്തെ പരിഗണിക്കുമെന്നും മോഹൻ ബഗാൻ ടീം അധികൃതരും വ്യക്തമാക്കി.