പണം ഒഴുക്കിയിട്ടെന്തായി; കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാന് തോൽവി
|കൊൽക്കത്ത ഡെർബി എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം.
കൊൽക്കത്ത: ഡ്യൂരാന്റ് കപ്പിലെ ആവേശപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരെ ഈസ്റ്റ് ബംഗാൾ എഫ്.സിക്ക് ജയം. കൊൽക്കത്ത ഡെർബി എന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. നാല് വര്‍ഷത്തിന് ശേഷമാണ് കൊല്‍ക്കത്ത ഡെര്‍ബിയിലെ ഈസ്റ്റ് ബംഗാളിന്റെ ജയം.
രണ്ടാം പകുതിയിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ വിജയവഴി വെട്ടിയത്. പണം ഇറക്കി നാട്ടിലും വിദേശത്തുമെല്ലം മികവ് തെളിയിച്ചവരുമായാണ് മോഹൻ ബഗാന്‍, പുതിയ സീസണ് ഒരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിനെ വൻ വിലകൊടുത്താണ് മോഹൻ ബഗാൻ ടീമിൽ എത്തിച്ചത്. പകരക്കാരനായാണ് സഹൽ കളത്തിൽ ഇറങ്ങിയത്.
60ാം മിനുറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ നേടിയതിന് പിന്നാലെ 68ാം മിനുറ്റിലായിരുന്നു സഹലിന്റെ വരവ്. എന്നാൽ താരത്തിന് മത്സരത്തിൽ വലിയൊരു ഓളം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും മോഹൻ ബഗാനായി കളത്തിൽ ഇങ്ങിയിരുന്നു.
തിങ്ങിനിറഞ്ഞ ഗ്യാലറികൾക്ക് നടുവിലായിരുന്നു മത്സരം എന്നതിനാൽ ഓരോ നീക്കങ്ങൾക്കും വൻ ആരവമായിരുന്നു. 2019ന് ശേഷം ആദ്യമായാണ് മോഹൻ ബഗാനെ ഈസ്റ്റ് ബംഗാൾ തോൽപിക്കുന്നത്. 2019ലെ ഐലീഗ് മത്സരത്തിലായിരുന്നു ഇതിന് മുമ്പത്തെ ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിക്കാരുടെ പണമൂല്യം കണക്കാക്കിയിൽ ഏകദേശം 71.2 കോടിയാണ് മോഹൻ ബഗാന്റേത്. എന്നാൽ ഈസ്റ്റ് ബംഗാളിന്റേത് വെറും 35 കോടിയും.