ബൂനോ ദി മോൺസ്റ്റർ; സ്പെയിൻ സ്വപ്നം തകർത്തെറിഞ്ഞത് ഈ ഗോളി
|ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്
ദോഹ: ഇരുപകുതികളിലും അധിക സമയത്തും ഗോൾരഹിത സമനിലയിലായ പ്രീക്വാർട്ടറിൽ സ്പെയിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത് മൊറോക്കൻ ഗോളി യാസിൻ ബൂനോ. കാൽപ്പന്ത് കളിയിൽ കാളപ്പോരുശിരോടെ കളിക്കുന്ന സ്പെയിന്റെ രണ്ടു കിക്കുകളാണ് ഷൂട്ടൗട്ടിൽ ബൂനോ തടുത്തിട്ടത്. മത്സരത്തിലുടനീളം സേവ് ചെയ്തത് മറ്റനേകം ഷോട്ടുകൾ.
31 കാരനായ ബൂനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണ, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെൻറുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെൻറിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയാണ് ഗോളടിച്ചത്. എന്നാൽ ആ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ നേടിയത്.
ഇന്നത്തെ മത്സരത്തിൽ 77 ശതമാനം സ്പെയിൻ പന്ത് കൈവശം വെച്ചപ്പോൾ 23 ശതമാനമായിരുന്നു മൊറോക്കോ കളി നിയന്ത്രിച്ചത്. 1019 പാസുകൾ ടിക്കിടാക്ക ടീം നടത്തിയപ്പോൾ 304 ആയിരുന്നു മൊറോക്കോയുടെ പങ്ക്.
പന്ത് നിയന്ത്രണത്തിലാക്കി അവസരത്തിനായി കാത്തിരുന്ന സ്പാനിഷ് താരങ്ങൾക്കുമുൻപിൽ പ്രതിരോധനീക്കത്തിലൂടെയും ഇടയ്ക്കിടെയുള്ള പ്രത്യാക്രമണങ്ങളിലൂടെയും മത്സരത്തിലുടനീളം ഭീഷണിയുയർത്തിയിരുന്നു ആഫ്രിക്കക്കാർ. ഇരുപകുതിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നിരവധി ഗോളവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും കാണികൾക്ക് ഒരു വട്ടം പോലും വല കുലുങ്ങുന്നത് കാണാനായില്ല. എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല.
മത്സരം ആരംഭിക്കുന്നതു തന്നെ മൊറോക്കോ താരം ഹകീം സിയച്ചിന്റെ ഫൗളിലൂടെയായിരുന്നു. സ്പെയിനിനു വേണ്ടി ജോർദി ആൽബയെടുത്ത ഫ്രീകിക്ക് പക്ഷെ ഗോളാക്കാനായില്ല.
12-ാം മിനിറ്റിൽ മൊറോക്കൻ സൂപ്പർ താരം അഷ്റഫ് ഹക്കീമി ബോക്സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റിൽ സ്പെയിനിനു മുന്നിൽ വലിയൊരു അവസരം തുറന്നുകിട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധം കടന്ന് ബോക്സിലേക്ക് ഓടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
33-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണിന് മത്സരത്തിലെ ആദ്യ പരീക്ഷണം. വലതു വിങ്ങിലൂടെ ബോക്സിലേക്ക് മസ്റൂഇ തൊടുത്ത ഷോട്ട് സിമോൺ കൈപിടിയിലൊതുക്കി. 42-ാം മിനിറ്റിൽ മനോഹരമായൊരു സെറ്റ് പീസിൽ ബോക്സിന്റെ മധ്യത്തിൽനിന്ന് നായിഫ് അഗ്വാർഡിന്റെ ഹെഡറിന് ലക്ഷ്യം പിഴച്ചു
52-ാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബൗനോ തട്ടിയകറ്റി. മത്സരത്തിൽ ടാർഗറ്റിലേക്കുള്ള സ്പെയിനിന്റെ ആദ്യ ഷോട്ടായിരുന്നു ഇത്.
63-ാം മിനിറ്റിൽ ഗാവിയെയും അസെൻസിയോയെയും പിൻവലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക് കാർലോസ് സോളറിനെയും അൽവാരോ മൊറാട്ടയെയും ഇറക്കി.
70-ാം മിനിറ്റിൽ ഒൽമോ നൽകിയ പാസിൽ ബോക്സിനകത്ത് അവസരം സൃഷ്ടിച്ച് ഗോളാക്കാനുള്ള മൊറാട്ടയുടെ നീക്കം പക്ഷെ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു.
76-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡും കണ്ടു. സ്പാനിഷ് പ്രതിരോധ താരം ലപോർട്ടയ്ക്കാണ് ഹകീമിക്കെതിരായ ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ചത്.
81ാം മിനുട്ടിൽ അൽവാരോ മൊറാട്ട മെറോക്കോൻ ഗോൾപോസ്റ്റിന് കുറുകെ നീട്ടിനൽകിയ പാസ് ഏറ്റെടുക്കാൻ ആരുമുണ്ടായില്ല.
85ാം മിനുട്ടിൽ വാലിദ് ചെദ്ദിരക്ക് സ്പെയിൻ ഗോൾവല കുലുക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ദുർബലമായതിനാൽ ഉനൈ സൈമണിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.
90ാം മിനുട്ടിൽ റൊമൈൻ സെസ്സിന് മഞ്ഞക്കാർഡ് വാങ്ങേണ്ടിവന്നു.
95ാം മിനുട്ടിൽ സ്പെയിന്റെ ഒൽമോയെടുത്ത ഫ്രീകിക്ക് ബുനോ തട്ടിയകറ്റി.
94ാം മിനുട്ടിൽ ചദ്ദിര തനിച്ച് മുന്നേറി പോസ്റ്റിന് മുമ്പിൽ ഗോളി മാത്രം നിൽക്കേ അദ്ദേഹത്തിന്റെ കൈകളിലേക്കാണ് അടിച്ചുകൊടുത്തത്. സ്പെയിൻ പ്രതിരോധ നിരയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഗോളവസരം താരം നഷ്ടപ്പെടുത്തിയത്.
എക്സ്ട്രാ ടൈമിൽ വീണ്ടും ചദ്ദിര തുറന്നവസരം നഷ്ടപ്പെടുത്തി. ഉനൈ സൈമണിന്റെ കൈകളിലേക്കാണ് 104ാം മിനുട്ടിലും താരം പന്തടിച്ചുകൊടുത്തത്.
114ാം മിനുട്ടിൽ ചദ്ദിര പന്തുമായി ഓടി സ്പെയിൻ ഗോൾമുഖത്തെത്തി പക്ഷേ ഷോട്ടുതിർക്കാൻ മാത്രമായില്ല. പ്രതിരോധ നിര പന്ത് കൈക്കലാക്കുകയായിരുന്നു.
എക്സ്ട്രാ ടൈമിന്റെ അധികസമയത്തിൽ സനാബിയ ഉതിർത്ത ഷോട്ട് മെറോക്കൻ പോസ്റ്റർ തട്ടി പുറത്തുപോയി.
ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ തറപറ്റിച്ച് എത്തിയ മൊറോക്കോ സ്പാനിഷ് പടയെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വീഴ്ത്തിയത് ഖത്തർ ലോകകപ്പിലെ മറ്റൊരു അട്ടിമറിക്കാഴ്ചയായി. ചരിത്രത്തിൽ രണ്ടാം തവണയാണ് സ്പെയിനും മൊറോക്കോയും ലോകകപ്പിൽ ഏറ്റുമുട്ടിയത്. ഇതിനുമുമ്പ് ഇരുവരും നേർക്കുനേർ വന്ന ഒരേയൊരു ലോകകപ്പ് പോരാട്ടത്തിലും സ്പെയിനെ വിറപ്പിച്ചവരാണ് മൊറോക്കോ. 2018ലെ റഷ്യൻ ലോകകപ്പിലായിരുന്നു ആ മത്സരം. അന്ന് രണ്ട് തവണയാണ് മുൻ ലോകചാമ്പ്യന്മാരായ സ്പെയിനെതിരെ മൊറോക്കോ ലീഡ് ചെയ്തതത്. അന്ന് രണ്ട് തവണ പിന്നിൽനിന്ന ശേഷം തിരിച്ച് ഗോളടിച്ചാണ് സ്പെയിൻ സമനില പിടിച്ചത്.
അന്തിമ ലൈനപ്പ്
സ്പെയിൻ: സിമോൺ, എല്ലോറന്റ്, റോഡ്രി, ലാപോർട്ടെ, ആൽബ, ഗാവി, ബസ്ക്വറ്റ്സ്, പെഡ്രി, ടോറസ്, അസെൻസിയോ, ഒൽമോ.
മൊറോക്കോ: ബോനോ, ഹകീമി, അഗ്വേർഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അമല്ലാഹ്, സിയെച്ച്, എന്നെസൈരി, ബൗഫാൽ.
Moroccan goalkeeper Yassin Bouno shattered Spain's dreams