Football
കാര്‍ബണ്‍ കോപ്പി ഗോള്‍; വീണത് ലോക രണ്ടാം നമ്പറുകാര്‍
Football

'കാര്‍ബണ്‍ കോപ്പി ഗോള്‍'; വീണത് ലോക രണ്ടാം നമ്പറുകാര്‍

Web Desk
|
27 Nov 2022 3:28 PM GMT

ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയിട്ടുള്ള മൊറോക്കോയ്ക്ക് ഇതോടെ പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത കൂടുതല്‍ തുറന്നുകിട്ടുകയാണ്.

അട്ടിമറി കൊണ്ട് കൊണ്ട് നിരന്തരം വിസ്മയിപ്പിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ മൊറോക്കോയെന്ന ആഫ്രിക്കന്‍ രാജ്യം വീഴ്ത്തിയിരിക്കുന്നു. അതും എതിരില്ലാത്ത രണ്ട് ഗോളിന്. ഇതോടെ ഗ്രൂപ്പ് എഫില്‍ ബെല്‍‌ജിയവും ക്രൊയേഷ്യയും കാനഡയുമടക്കമുള്ള ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ ജീവന്മരണ പോരാട്ടമാകും.

ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയിട്ടുള്ള മൊറോക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലേക്കുള്ള സാധ്യത തുറന്നുകിട്ടുകയാണ്.ആദ്യ കളിയില്‍ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കിയ മൊറോക്കോയ്ക്ക് നിലവില്‍ നാല് പോയിന്‍റുണ്ട്. അവശേഷിക്കുന്ന ഒരു മത്സരത്തില്‍ സമനില കൊണ്ടു പോലും മൊറോക്ക പ്രീക്വാര്‍ട്ടറിലെത്തിയേക്കും. 42-ാം റാങ്കുകാരായ കാനഡയുമായാണ് മത്സരം എന്നതും മൊറോക്കോയെ സംബന്ധിച്ച് ആശ്വാസമാണ്.

അതേസമയം ബെല്‍ജിയത്തെ സംബന്ധിച്ച് ആദ്യത്തെ മത്സരത്തില്‍ കാനഡക്കെതിരെ കഷ്ടിച്ച് ജയിച്ചാണ് രണ്ടാം മത്സരത്തിനെത്തിയത്. രണ്ടാം മത്സരത്തില്‍ മൊറോക്കോയുായി വീഴുകയും ചെയ്തു. ഇനി ശേഷിക്കുന്ന മത്സരം കരുത്തരായ ക്രൊയേഷ്യയുമായാണ്. ക്രൊയേഷ്യക്ക് കൂടി നിര്‍ണായകമാകുന്ന മത്സരത്തില്‍ ബെല്‍ജിയത്തിന് ജയിച്ചാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കൂ.

ആദ്യ പകുതിയില്‍ നിഷേധിച്ച ഗോളിന്‍റെ 'കാര്‍ബണ്‍ കോപ്പി' രണ്ടാം പകുതിയില്‍

കരുത്തരായ ബെല്‍ജിയത്തെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ കളിക്ക് അര്‍ഹിച്ച അംഗീകാരമെന്ന പോലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഫ്രീകിക്ക് അനുവദിക്കുന്നു. കിക്കെടുത്ത സിയെച്ച് മനോഹരമായ ഒരു ഷോട്ടിലൂടെ വലകുലുക്കി. മൈതാനത്ത് മൊറോക്കോയുടെ ഗോളാഘോഷം... സ്കോര്‍ ഷീറ്റില്‍ ഗോളും രേഖപ്പെടുത്തി. പക്ഷേ റഫറിക്ക് സിയെച്ച് കിക്കെടുക്കുമ്പോള്‍ മൊറോക്കോ താരങ്ങള്‍ ഓഫ്സൈഡായിരുന്നോ എന്ന് സംശയം!

ഇതോടെ വാര്‍ വിളിച്ച് റഫറി റീപ്ലേ പരിശോധിച്ചു. അങ്ങനെ പന്ത് വലയിലെത്തിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിച്ചു. സിയെച്ച് ഫ്രീകിക്കെടുക്കുമ്പോള്‍ രണ്ട് മൊറോക്കന്‍ താരങ്ങള്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നായിരുന്നു റഫറിയുടെ കണ്ടെത്തല്‍. പെനാല്‍റ്റി ബോക്സിന് തൊട്ടരികെ വെച്ച് തോർഗൻ ഹസാർഡ് ഹകീം സിയെച്ചിനെ വീഴ്ത്തിയതിനായിരുന്നു മൊറോക്കോയ്ക്ക് ഫ്രീകിക്ക് ലഭിച്ചത്.

റഫറി നിഷേധിച്ച ഇതേ ഗോളിന്‍റെ കാര്‍ബണ്‍ കോപ്പി ഷോട്ടിലൂടെയായിരുന്നു മൊറോക്കോയുടെ ആദ്യ ഗോള്‍ വരുന്നത്. 'വാറി'ൽ തട്ടി പൊലിഞ്ഞ മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ അതേ കാർബൺ കോപ്പി ആംഗിളും, ഷോട്ടും. 73-ാം മിനിറ്റിൽ ബെൽജിയത്തിന്‍റെ ഫൗളിൽനിന്ന് കിട്ടിയ ഫ്രീകിക്കെടുത്തത് അബ്ദുൽ ഹമീദ് സാബിരിയാണ്. ബോക്‌സിന്റെ വലതു കോർണറിൽനിന്ന് ബെൽജിയം പോസ്റ്റിലേക്ക് അളന്നുമുറിച്ച കിടിലൻ ഷോട്ട്. ഗോൾകീപ്പർ തിബോ കോർട്വോയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൊറോക്കോ (1-0) ബെല്‍ജിയം.

അധിക സമയത്തായിരുന്നു രണ്ടാമത്തെ ഗോൾ. സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ അതിമനോഹരമായ വലങ്കാലൻ ഷോട്ട് വീണ്ടും ബെൽജിയം വലകുലുക്കി. മൊറോക്കോ-2, ബെല്‍ജിയം-0.ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു മൊറോക്കോ അല്‍തുമാമയില്‍ ബെല്‍ജിയത്തോട് മുട്ടാനെത്തിയത്. എന്നാല്‍, ഈ മത്സരത്തിന് ഇങ്ങനെയൊരു അന്ത്യം ഫുട്ബോള്‍ ആരാധകരൊന്നും പ്രതീക്ഷിച്ചുകാണില്ല. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ നാല് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് മൊറോക്കോ. മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് ഇനി ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടാനുള്ളതെന്നതാണ് പ്രധാനപ്പെട്ട കാര്യം.

Similar Posts