എന്തൊരു ഗോൾ! അത് അമ്പതു വർഷമെങ്കിലും ഓർമിക്കപ്പെടും; സലാഹിനെ പ്രശംസ കൊണ്ടു മൂടി ക്ലോപ്പ്
|മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു ഈജിപ്ത് താരത്തിന്റെ വണ്ടര്‍ ഗോൾ
ലിവർപൂൾ: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ് നേടിയ അത്ഭുത ഗോൾ ചുരുങ്ങിയത് അരനൂറ്റാണ്ടെങ്കിലും ഓർമിക്കപ്പെടുമെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. സലാഹിന് മാത്രം കഴിയുന്ന ഗോളാണ് ഇതെന്നും ക്ലോപ്പ് പറഞ്ഞു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു ഈജിപ്ത് താരത്തിന്റെ ഗോൾ.
'മികച്ച കളിക്കാർക്ക് മാത്രമേ ഇത്തരത്തിൽ ഗോൾ നേടാൻ കഴിയൂ. ആദ്യ ടച്ചിൽ തന്നെ ആദ്യ വെല്ലുവിളി സലാ മറികടന്നു. അതുപോലൊരു സാഹചര്യത്തിൽ ലക്ഷ്യം കണ്ടെത്തുന്നത് അനിതര സാധാരണമാണ്. ക്ലബ് ഒന്നും മറക്കാറില്ല. ഈ ഗോളിനെ കുറിച്ച് ജനം ഏറെക്കാലം സംസാരിച്ചു കൊണ്ടിരിക്കും. അമ്പത്, അറുപത് വർഷമെങ്കിലും ഈ കളി ഓർമിക്കപ്പെടും' - കോച്ച് കൂട്ടിച്ചേർത്തു.
'ലിയോ മെസ്സിയും ക്രിസ്റ്റിയാനോ റൊണോൾഡോയുമാണ് ഇതുപോലെ സ്‌കോർ ചെയ്യുന്നത് എങ്കിൽ ലോകം അത് വേൾഡ് ക്ലാസാണെന്ന് പറയും. സലാഹും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.'- കോപ്പ് പറഞ്ഞു. സിറ്റിക്കെതിരെയുള്ള ഗോളോടെ സലാഹ് ആറു ഗോളുകളോടെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഏഴു കളികളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ലെസ്റ്റർ സിറ്റി താരം ജെയ്മി വാർഡിയും ഇത്രയും ഗോൾ നേട്ടത്തോടെ സലാഹിന് ഒപ്പമുണ്ട്. മൂന്ന് അസിസ്റ്റും ഈജിപ്ത് താരത്തിന്റെ പേരിലുണ്ട്. പ്രീമിയർ ലീഗിലെ തന്റെ 103-ാം ഗോളായിരുന്നു സലാഹ് സിറ്റിക്കെതിരെ നേടിയത്.
Jurgen Klopp: "If Leo Messi or Cristiano Ronaldo score that goal then the world says it's world class. He [Salah] is one of the best players in the world, that's how it is." #awlive [pa] pic.twitter.com/GRVpaJWDKi
— Anfield Watch (@AnfieldWatch) October 3, 2021
മത്സരം 2-2ന് സമനിലയിലായി. 59-ാം മിനിറ്റിൽ സാദിയോ മാനെയാണ് ലിവർപൂളിനായി ആദ്യം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി തിരിച്ചടിച്ചു. 76-ാം മിനിറ്റിലായിരുന്നു സലാഹിന്റെ വിസ്മയകരമായ സോളോ ഗോൾ. സിറ്റിയുടെ പ്രതിരോധവ്യൂഹത്തെ ഒന്നടങ്കം നിഷ്പ്രഭമാക്കിയായിരുന്നു സലാഹിന്റെ ഗോൾ. എന്നാൽ 81-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്‌നെയുടെ ഗോളിലൂടെ സിറ്റി മത്സരം സമനിലയിൽ പിടിച്ചു.