ബ്ലാസ്റ്റേഴ്‌സ് വിട്ടു; സഞ്ജീവ് സ്റ്റാലിൻ ഇനി മുംബൈ സിറ്റി എഫ്.സിക്കൊപ്പം
|മുംബൈ സിറ്റി എഫ്.സിയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നൊരാള്‍ കൂടി പടിയിറങ്ങുന്നു. യുവ ഡിഫന്‍ഡര്‍ സഞ്ജീവ് സ്റ്റാലിനാണ് പുതിയ സീസണില്‍ മറ്റൊരു ക്ലബ്ബിലെത്തുന്നത്. മുംബൈ സിറ്റി എഫ്.സിയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് സഞ്ജീവ് സ്റ്റാലിന്‍ ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്. താരത്തിന് ബ്ലാസ്റ്റേഴ്സ് ടീമില്‍ കളിക്കാനായത് ഒരു സീസണ്‍ മാത്രവും. ബ്ലാസ്റ്റഴ്സ്, ചെന്നൈയിൻ എഫ് സിയെ 3-0 ന് തകർത്ത മത്സരത്തിലെ മികച്ച താരമായി സഞ്ജീവിനെ തെരഞ്ഞെടുത്തിരുന്നു.
21കാരനായ സഞ്ജീവ് കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. സഞ്ജീവിന് ആശംസകള്‍ നേരുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അതേസമയം ട്രാന്‍സ്ഫര്‍ ഫീയായി നല്ലൊരു തുക ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ഈ തുകകൂടി ഉപയോഗിച്ച് മറ്റൊരു വമ്പൻ കളിക്കാരനെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെന്നാണ് റിപ്പോർട്ടുകൾ. 2021 മാർച്ച് പതിനെട്ടാം തീയതിയായിരുന്നു യുവ ലെഫ്റ്റ്ബാക്ക് താരമായ സഞ്ജീവുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് വർഷ കരാറിൽ ഒപ്പു വെച്ചിരുന്നത്.
ഇരുപത്തിയൊന്നുവയസ് മാത്രം പ്രായമുള്ള സഞ്ജീവ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനങ്ങളിലൊരാളായി കണക്കാക്കപ്പെട്ടിരുന്ന താരമാണ്. അൽവാരോ വാസ്ക്വസ്, വിൻസി ബാരറ്റോ, ചെഞ്ചോ ഗിൽഷൻ, ആൽബിനോ ഗോമസ്, സെയ്ത്യാസെൻ സിംഗ്, എനസ് സിപോവിച്ച് എന്നിവരും ഈ സീസണ് പിന്നാലെ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. അതേസമയം സഞ്ജീവ് സ്റ്റാലിൻ്റെ ട്രാന്‍സ്ഫര്‍ തുകയെ കുറിച്ചുള്ള വിശദാംശങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയോ മുംബൈ സിറ്റി എഫ് സിയോ പുറത്ത് വിട്ടിട്ടില്ല.
ഐ.എസ്.എല്‍ ഒന്‍പതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ മോഹന്‍ ബഗാനെ നേരിടും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും.
Summary-Mumbai City FC rope in Sanjeev Stalin from Kerala Blasters FC