Football
Mumbai-Hyderabad match

Mumbai-Hyderabad match

Football

ഒന്നാമന്മാരുടെ പോര് 1-1 സമനിലയിൽ; മുംബൈ- ഹൈദരാബാദ് മത്സരത്തിൽ ഗോളടിച്ചത് ഡയസും ഹിതേഷും

Sports Desk
|
4 Feb 2023 2:20 PM GMT

കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്സുണ്ട്

മുംബൈ: ഐ.എസ്.എൽ പ്ലേഓഫ് ഉറപ്പിച്ച ടീമുകളായ മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള മത്സരം 1-1 സമനിലയിൽ. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിലുള്ള മത്സരത്തിൽ മുംബൈയാണ് ആദ്യം ഗോളടിച്ചത്. 23ാം മിനുട്ടിൽ പെരേര ഡയസ് പെനാൽറ്റിയിലൂടെ ഗോൾ നേടുകയായിരുന്നു. എന്നാൽ 65ാം മിനുട്ടിൽ ഹിതേഷ് ശർമയിലൂടെ നൈസാമിന്റെ നാട്ടുകാർ സമനില പിടിച്ചു. മുഹമ്മദ് യാസിറിന്റെ അസിസ്റ്റിലാണ് മിഡ്ഫീൽഡർ ഗോൾ കണ്ടെത്തിയത്.

ഇതോടെ 43 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും പട്ടികയിൽ മൂന്നാം സ്ഥാനത്ത് കേരളാ ബ്ലാസ്റ്റേഴ്സുണ്ട്. 16 മത്സരങ്ങളിൽനിന്ന് ഒൻപത് ജയവും ഒരു സമനിലയും ആറ് തോൽവിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. 15 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാനും 16 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. മാർച്ച് 18നാണ് ഐ.എസ്.എൽ ഫൈനൽ. മത്സരവേദി പുറത്തുവിട്ടിട്ടില്ല.

മാർച്ച് ഏഴിന് ആദ്യ പാദ സെമി ഫൈനൽ നടക്കും. 12നാണ് രണ്ടാം പാദ സെമി. മാർച്ച് മൂന്നിന് പ്ലേഓഫ് മത്സരങ്ങൾക്കു തുടക്കമാകും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീം നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള രണ്ടു ടീമുകളാകും സെമിയിലെ മറ്റ് ടീമുകൾ.

കേരള ബ്ലാസ്റ്റേഴ്സ്(28 പോയിന്റ്), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ(26), ഒഡിഷ എഫ്.സി (23), ബംഗളൂരു എഫ്.സി (22), ചെന്നൈയിൻ എഫ്.സി (18) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.

Mumbai-Hyderabad match tied 1-1 in ISL

Similar Posts