Football
നക്ഷത്രക്കൂട്ടത്തിലെ മഞ്ഞ നക്ഷത്രം: പെലെയ്ക്ക് വിടചൊല്ലി നാസ
Football

'നക്ഷത്രക്കൂട്ടത്തിലെ മഞ്ഞ നക്ഷത്രം': പെലെയ്ക്ക് വിടചൊല്ലി നാസ

Web Desk
|
30 Dec 2022 1:30 AM GMT

'മനോഹരമായ കളിയുടെ രാജാവ് ഇതിഹാസ താരം പെലെയുടെ വിടവാങ്ങൽ ഞങ്ങൾ അടയാളപ്പെടുത്തുന്നു'

ഇതിഹാസതാരം പെലെക്ക് വിടചൊല്ലി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മനോഹരമായ കളിയുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഇതിഹാസ താരം പെലെയുടെ വിടവാങ്ങൽ ഞങ്ങൾ അടയാളപ്പെടുത്തുന്നു എന്നായിരുന്നു പെലെയുടെ ട്വീറ്റ്. നക്ഷത്ര സമൂഹത്തിലെ ഈ നക്ഷത്രക്കൂട്ടം ബ്രസീലിന്‍റെ നിറത്തെ അടയാളപ്പെടുത്തുന്നുവെന്നും ഗാലക്സിയുടെ ചിത്രം പങ്കുവെച്ച് നാസ ട്വീറ്റ് ചെയ്തു.

കുടലിലെ അർബുദത്തെ തുടർന്ന്​ ആരോഗ്യനില മോശമായതിനാൽ ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു 82കാരനായ പെലെ. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശരീരമാകെ നീർക്കെട്ടുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് 82കാരനായ പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൻകുടലിൽ ബാധിച്ചിരുന്ന അർബുദം വൃക്കകളിലേക്കും ഹൃദയത്തിലേക്കും വ്യാപിച്ചതോടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി.

ഖത്തർ ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങൾക്കിടെയാണ്‌ പെലെയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വാർത്ത പുറത്തുവന്നത്. ലോകകപ്പിനിടെ ബ്രസീൽ ടീം ഉൾപ്പെടെ പെലെയ്‌ക്ക്‌ സൗഖ്യം നേർന്ന്‌ കളത്തിലിറങ്ങിയിരുന്നു. ലോകകപ്പ്‌ ജയിച്ച അർജന്റീനയ്‌ക്കും ലയണൽ മെസിക്കും ഫ്രഞ്ച്‌ താരം കിലിയൻ എംബാപ്പെയ്‌ക്കും ആശുപത്രിയിൽവച്ച്‌ പെലെ ആശംസ നേരുകയും ചെയ്തിരുന്നു.

വിശ്വകിരീടം ബ്രസീലില്‍ എത്തിച്ചത് മൂന്ന് തവണ

ഒന്നല്ല മൂന്ന് തവണ ലോകകപ്പ് പെലെ ബ്രസീലിലെത്തിച്ചു. യൂൾറിമേ കപ്പ് അങ്ങനെ ബ്രസീലിന്‍റേത് മാത്രമായി. അവഗണനയിൽ നിന്ന് ദേശീയ ഹീറോയായി മാറിയ കഥയാണ് പെലെയുടേത്. കറുപ്പിനെ അകറ്റി നിർത്തിയ ലോകം പെലെയെ കറുത്തമുത്തെന്ന് വാഴ്ത്തി. തെരുവിൽ പന്തുതട്ടി നടന്ന ബാലൻ പതിനഞ്ചാം വയസില്‍ സാന്റോസിൽ എത്തിയതോടെ കാൽപന്തുകളിയുടെ തലവര മാറി. പന്തിന് മേലുള്ള പ്രഹരശേഷി, അതിൻറെ കൃത്യത, സഹതാരങ്ങൾ എങ്ങനെ ചലിക്കുമെന്ന് അതിവേഗം അളക്കാനുള്ള കഴിവ്. പെലെയെന്ന ഒറ്റപ്പേരിൻറെ മികവിൽ സാൻറോസ് ക്ലബ് ലോകം ചുറ്റി.

പതിനേഴാം വയസിൽ അർജന്റീനക്കെതിരെ ഗോളടിച്ച് അന്താരാഷ്ട്ര അരങ്ങേറ്റം. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവുമായി 1958ൽ സ്വീഡനിലെത്തുമ്പോള്‍ പ്രായം 18 തികഞ്ഞിട്ടില്ല. അന്ന് കിരീടം നേടിയതിന് പിന്നാലെ പെലെയെ ദേശീയ നിധിയായി ബ്രസീൽ സർക്കാർ പ്രഖ്യാപിച്ചു. യൂറോപ്പുകാർ റാഞ്ചാതിരിക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു അത്.

62ല്‍ ഒറ്റ മത്സരം മാത്രം കളിച്ച പെലെ. അത്തവണയും ലോകകിരീടം കാനറികൾക്ക്. 66ൽ കടുത്ത ടാക്ലിംഗുകളിൽ കുടുങ്ങി പെലെയും ബ്രസീലും ആദ്യ റൗണ്ടിൽ മടങ്ങി. ആ ക്ഷീണം അടുത്ത ലോകകപ്പ് നേടിയാണ് പെലെ തീർത്തത്. ബ്രസീലിനായി 92 മത്സരങ്ങള്‍, 77 ഗോളുകള്‍. പെലെയും ഗാരിഞ്ചയും ഒരുമിച്ച് പന്ത് തട്ടിയ ഒരു മത്സരം പോലും ബ്രസീല്‍ തോറ്റിട്ടില്ല.

1971ല്‍ യൂഗോസ്ലാവിയക്കെതിരായ മത്സരത്തോടെ പെലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ചു. ബ്രസീലിയന്‍ ക്ലബ് സാന്റോസിലാണ് തന്റെ നല്ല കാലം മുഴുവന്‍ പെലെ ചെലവിട്ടത്. അവസാന രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്മോസിലും കളിച്ചു. ഇരു ക്ലബുകള്‍ക്കുമായി 650 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ആകെ 1363 മത്സരങ്ങളില്‍ നിന്നായി 1281 ഗോളുകള്‍. പെലെയെ തേടിയെത്താത്ത പുരസ്കാരങ്ങളോ ബഹുമതികളോയില്ല. നൂറ്റാണ്ടിന്റെ താരം. കാൽപന്ത് കളത്തിൽ ആ നേട്ടങ്ങൾക്ക് പകരംവെക്കാനില്ല.

Summary- We mark the passing of the legendary Pelé- NASA tweet

Related Tags :
Similar Posts