ന്യൂകാസില്‍ ഇനി സൗദിക്ക് സ്വന്തം
|സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടാണ് ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യ സ്വന്തമാക്കി. ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്. മാസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ക്ലബ്ബിന്‍റെ 100 ശതമാനം ഉടമസ്ഥാവകാശവും സൗദി സ്വന്തമാക്കിയത്. 2200 കോടി രൂപക്കാണ് ക്ലബ്ബിനെ പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് വാങ്ങിയത്
ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് . ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാർക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്.
പ്രീമീയർ ലീഗ് പോയിന്‍റ് പട്ടികയില്‍ 12 ആം സ്ഥാനത്താണ് ക്ലബ്ബ് ഇപ്പോള്‍. ദ മാഗ്പൈസ്, ദ ടൂൺ എന്നീ വിളിപ്പേരുകളിലും ക്ലബ്ബ് അറിയപ്പെടുന്നുണ്ട്. മൂന്ന് തവണയൊഴികെ ഇംഗ്ലീഷ പ്രീമിയർ ലീഗിൽ സജീവ സാന്നിധ്യമായിരുന്നു ന്യൂകാസിൽ. നാല് ലീഗ് കിരീടങ്ങളും ക്ലബ്ബ് നേടിയിട്ടുണ്ട്. നിലവിൽ അത്ര മികച്ച നിലയിലല്ലാത്ത ക്ലബ്ബിന്‍റെ തലവര സൗദി സ്വന്തമാക്കിയതോടെ മാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. ഖത്തർ സാന്നിധ്യമുള്ള പിഎസിജിയും സൗദി സാന്നിധ്യമുള്ള ന്യൂകാസിലും ട്വിറ്ററിൽ ട്രൻഡാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് ഏറ്റടുത്തതോടെ മത്സരം സംപ്രേഷണം ചെയ്യുന്ന ഖത്തർ ചാനലായ ബീൻ സ്പോർട്സിന്‍റെ നിരോധവും സൗദി നീക്കിയിട്ടുണ്ട്.