Football
PSG forward Neymar agrees to two-year deal with Saudi Arabian club Al-Hilal, Neymar transfer, Saudi Pro League, Neymar to Al-Hilal, PSG

നെയ്മര്‍

Football

റെക്കോർഡ് കരാർ! നെയ്മറും സൗദിയിലേക്ക് പറക്കുന്നു; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്ട്

Web Desk
|
14 Aug 2023 5:36 AM GMT

സൗദി പ്രോ ലീഗ് ക്ലബ്ലായ അൽഹിലാൽ ആണു താരത്തെ സ്വന്തമാക്കുന്നത്

പാരിസ്: ബ്രസീൽ സൂപ്പർ താരം നെയ്മറും സൗദി ഫുട്‌ബോൾ ലീഗിലേക്കെന്ന് റിപ്പോർട്ട്. വമ്പൻ തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ലായ അൽഹിലാൽ ആണു താരത്തെ സ്വന്തമാക്കുന്നത്. 160 ദശലക്ഷം യൂറോയാണ്(ഏകദേശം 1,451 കോടി രൂപ) പ്രതിഫലമെന്നാണ് വിവരം.

താരത്തെ കൈമാറാൻ പി.എസ്.ജിയും അൽഹിലാലും തമ്മിൽ ധാരണയായതായി സ്‌പോർട്‌സ് ജേണലിസ്റ്റും ട്രാൻസ്ഫർ വിദഗ്ധനുമായ ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. രണ്ടു വർഷത്തേക്കാണു കരാർ. ട്രാൻസ്ഫർ നടപടി നെയ്മർ അംഗീകരിച്ചതായി ഫബ്രീസിയോ അറിയിച്ചു.

താരത്തെ ക്ലബിലെത്തിക്കാനുള്ള ഔദ്യോഗിക രേഖകൾ അവസാനഘട്ടത്തിലാണെന്നാണ് അൽഹിലാലുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നെയ്മറിന്റെ മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിങ് നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കകം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാനിടയുണ്ട്.

2017ൽ ബാഴ്സലോണയിൽനിന്നാണ് നെയ്മർ പി.എസ്.ജിയിൽ എത്തുന്നത്. ഫുട്ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേർന്നു. നെയ്മർ-മെസി- എംബാപ്പെ ഭരണമായിരുന്നു പിന്നീട് പി.എസ്.ജിയിൽ. എന്നാൽ, പി.എസ്.ജി കണ്ണുവെച്ച ചാംപ്യൻസ് ട്രോഫി കിരീടം പാരീസിൽ എത്തിക്കാൻ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് വമ്പൻ തുക ചെലവാക്കി ഇവരെ ക്ലബിൽ നിലനിർത്തേണ്ടതില്ലെന്ന തരത്തിലേക്ക് പി.എസ്.ജി മാനേജ്‌മെന്റ് ആലോചിക്കുന്നതും മെസിയുടെ പുറത്താകലിലേക്കു കാര്യങ്ങൾ എത്തിയതും. മെസിക്കുനേരെ കാണികൾ കൂവുന്ന സാഹചര്യംവരെ പാരീസിൽ ഉണ്ടായി.

കിലിയൻ എംബാപ്പെയും പി.എസ്.ജി വിട്ടു മറ്റു ക്ലബുകളിൽ ചേക്കാറാൻ നീക്കം നടത്തുന്നുണ്ട്. അടുത്ത വർഷം അവസാനിക്കാനിരിക്കുന്ന കരാർ പുതുക്കില്ലെന്നു നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ക്ലബ് താരവുമായി ഇടഞ്ഞുനിൽക്കുകയാണ്. താരത്തെ സീസൺ തീരുംമുൻപ് തന്നെ വിൽക്കാനാണ് ക്ലബ് നീക്കം. റയൽ മാഡ്രിഡിലേക്കു കൂടുമാറാൻ താരവും ആഗ്രഹിക്കുന്നു. സൗദി ക്ലബുകൾ താൽപര്യമറിയിച്ച് എത്തിയെങ്കിലും തൽക്കാലം അങ്ങോട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് എംബാപ്പെ. അതിനിടെ, പി.എസ്.ജിയും താരവും തമ്മിൽ ചർച്ച നടത്തി പ്രശ്‌നങ്ങൾ പറഞ്ഞുതീർന്നതായും റിപ്പോർട്ടുണ്ട്.

Summary: PSG forward Neymar agrees to two-year deal with Saudi Arabian club Al-Hilal

Similar Posts