ബാഴ്‌സ ആഘോഷവിരുന്നിൽ നെയ്മറും! വിഡിയോ കോളിൽ മെസി
|ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്‌സ ലാലിഗ കിരീടം ഉറപ്പിച്ചത്
മാഡ്രിഡ്: നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാലിഗ കിരീടനേട്ടത്തിന്റെ ആഘോഷം ബാഴ്‌സലോണയിൽ അവസാനിക്കുന്നില്ല. തുറന്ന വാഹനത്തിൽ ബാഴ്‌സ നഗരത്തിൽ ആരാധകർക്കു നടുവിലൂടെ ടീമിന്റെ വിജയാഘോഷ പരേഡ് നടന്നിരുന്നു. അതിനിടെ, ആഘോഷത്തിൽ അതിഥിയായി നെയ്മർ പങ്കെടുത്തതായി റിപ്പോർട്ട്. മുൻ താരങ്ങളായ മെസിയും നെയ്മറും ബാഴ്‌സ താരങ്ങളെ വിഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതായി 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാഡ് റൊമേരോയാണ് നെയ്മർ വിജയാഘോഷത്തിൽ പങ്കെടുത്ത വിവരം പുറത്തുവിട്ടത്. ബാഴ്‌സയിൽ ഒരു നിശാക്ലബിൽ നടന്ന ടീം വിരുന്നിലാണ് പ്രത്യേക ക്ഷണിതാവായി നെയ്മർ എത്തിയത്. ഇതിനു പുറമെയാണ് ആഘോഷത്തിനിടെ ബാഴ്‌സ താരങ്ങളുടെ സോഷ്യൽ മീഡിയ ലൈവിൽ മെസിയും നെയ്മറും പ്രത്യക്ഷപ്പെട്ടത്.
വിജയാഘോഷത്തിലും മുൻ താരങ്ങളായ ലയണൽ മെസിയുടെയും നെയ്മറിന്റെയും പേരുകൾ ഉയർത്തിയായിരുന്നു ബാഴ്‌സ ആരാധകരുടെ ആഘോഷം. തെരുവിൽ മെസിയുടെയും നെയ്മറിന്റെയും പേരുകൾ ആരാധകർ ഉച്ചത്തിൽ മുഴക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
മെസിയും നെയ്മറും പി.എസ്.ജി വിടുന്നതായുള്ള വാർത്തയ്ക്കിടെയാണ് പുതിയ സംഭവം. ഈ സീസണിന്റെ അവസാനത്തോടെ മെസിയുടെ പി.എസ്.ജി കരാർ തീരും. ഇതിനിടെയാണ് താരത്തെ ടീമിൽ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ നീക്കം ശക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അധ്യക്ഷൻ ജോൻ ലപോർട്ട വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പി.എസ്.ജി വിടുകയാണെന്ന് നെയ്മറും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഫ്രാൻസിലെ വീടിനു മുന്നിൽ പി.എസ്.ജി ആരാധകർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് താരത്തിൻരെ മനംമാറ്റം.
ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്‌സ ലാലിഗ കിരീടം ഉറപ്പിച്ചത്. ലവൻഡോവ്‌സ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. അലെയാൺഡ്രോ ബാൾഡെയും യൂൾസ് കുണ്ടെയുമാണ് മറ്റു സ്‌കോറർമാർ.
ലീഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബാഴ്‌സയുടെ കിരീടധാരണം. 85 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലാണ് ബാഴ്‌സ. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 71 പോയിന്റാണുള്ളത്. 2018-19 സീസണിലാണ് അവസാനമായി ബാഴ്‌സ ലാലിഗ കിരീടം ചൂടുന്നത്.
Summary: Neymar attends Barcelona's LaLiga celebration party and Messi called the players during title celebrations