സൗദിയില്‍ അരങ്ങേറി നെയ്മര്‍; റിയാദില്‍ അൽഹിലാലിന്റെ ഗോള്‍മഴ
|രണ്ടാം പകുതിയിൽ 64-ാം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ടായായിരുന്നു നെയ്മറിന്റെ അരങ്ങേറ്റം
റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ അൽഹിലാലിനു മിന്നും ജയം. അല്‍റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിനാണു വിജയം. പരിക്കു കാരണം ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം രണ്ടാം പകുതിയിലാണ് നെയ്മർ മത്സരത്തിനിറങ്ങിയത്.
ഫുട്ബോൾ ആരാധകരുടെ നിരാശ വർധിപ്പിച്ച് നെയ്മർ ഇന്നലെ രാത്രി നടന്ന മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. സൗദിയിൽ ഏറ്റവും ആരാധകരുള്ള ക്ലബുകളിലാന്നായ അൽഹിലാലിന് അൽറിയാദായിരുന്നു എതിരാളികൾ. റിയാദിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ 30-ാം മിനുട്ടിൽ അലക്സാണ്ടർ മിട്രോവിച്ചിന്റെ പെനാല്‍റ്റിയിൽനിന്ന് അൽഹിലാലിന് ലീഡ്. ആദ്യ പകുതി അവസാനിക്കും മുമ്പ് 49-ാം മിനിറ്റിൽ അൽഷഹ്റാനിയിലൂടെ ഹിലാൽ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ 64-ാം മിനുട്ടിൽ നെയ്മറിന് സബ്ബായി അരങ്ങേറ്റം. ഗ്യാലറി ഇളകി മറിഞ്ഞു. 68-ാം മിനുട്ടില്‍ നെയ്മറിന്റെ പാസിൽനിന്നുണ്ടായ അവസരം. അത് നാസർ അൽദോസരി വലയിലെത്തിച്ചു. സ്കോർ 3-0.
83-ാം മിനുട്ടിൽ വീണ്ടും നെയ്മറിന്റെ അസിസ്റ്റ്. മാൽകോം അതു ഗോളാക്കി. 87-ാം മിനുട്ട്. ഹിലാലിന് നെയ്മർ വഴി ലഭിച്ച പെനാല്‍റ്റി സാലിം അൽദോസരി ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 5-0.
ഇഞ്ച്വറി ടൈമിന്റെ 95-ാം മിനുട്ട്. നെയ്മറിന്റെ ഷോട്ട് കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ സാലിം അൽദോസരി പന്ത് വലയിലേക്ക് തന്നെ എത്തിച്ചു. സ്കോർ 6-0. തൊട്ടടുത്ത മിനുട്ടില്‍ അൽറിയാദ് ആശ്വാസഗോളും നേടി. നിലവില്‍ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അല്‍ഹിലാല്‍.
Summary: Brazil superstar Neymar made his debut in the Saudi Pro League with a brilliant win for Al Hilal