'റോഡ്രിഗോ ലോകത്തെ മികച്ച അഞ്ച് താരങ്ങളിലൊരാൾ'; ബാലൻ ഡി ഓർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ താരത്തെ പിന്തുണച്ച് നെയ്മർ
|കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിനായി മികച്ച പ്രകടനമാണ് ബ്രസീലിയൻ പുറത്തെടുത്തത്.
മാഡ്രിഡ്: ബാലൻ ഡി ഓർ ചുരുക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ബ്രസീലിയൻ താരം റോഡ്രിഗോയെ പിന്തുണച്ച് രംഗത്തെത്തി നെയ്മർ. ലോകത്തിലെ മികച്ച അഞ്ച് കളിക്കാരിലൊരാളാണ് റോഡ്രിയോഗെന്ന് സമൂഹ മാധ്യമങ്ങൾ പങ്കുവെച്ച പോസ്റ്റിൽ ബ്രസീലിയൻ താരം വ്യക്തമാക്കി. ബാലൻ ഡി ഓർ അവാർഡിനുള്ള 30 അംഗ പട്ടികയാണ് പുറത്തുവിട്ടത്.
🚨 Neymar on IG: “Minimum top 5 in the world.” pic.twitter.com/Ojszmb1TpM
— Madrid Xtra (@MadridXtra) September 4, 2024
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ് ടീം അംഗമായ 23 കാരൻ 2023-24 കാലയളവിലായി 50 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും സ്വന്തമാക്കി. ബ്രസീലിനായി 27 മാച്ചുകളിൽ ബൂട്ടുകെട്ടി. എന്നാൽ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ ടീമിൽ നിന്ന് വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപെ, ജൂഡ് ബെല്ലിങ്ഹാം, ആന്റോണിയോ റൂഡിഗർ, ഡാനി കാർവഹാൽ എന്നിവർ 30 അംഗ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചപ്പോൾ പ്രസ്റ്റീജ്യസ് അവാർഡിലേക്ക് പരിഗണിക്കുന്നവരിൽ നിന്ന് റോഡ്രിഗോയെ തഴയുകയായിരുന്നു.
2003ന് ശേഷം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ വരുന്ന ആദ്യ നോമിനേഷൻ പട്ടികയാണിത്. കെവിൻ ഡിബ്രുയിനെ, ജമാൽ സുസിയാല, മുഹമ്മദ് സലാഹ് എന്നിവരാണ് പട്ടികയിൽ ഇടംലഭിക്കാതെ പോയ മറ്റു പ്രധാന താരങ്ങൾ