വീടിനു മുന്നിൽ പി.എസ്.ജി ഫാൻസിന്റെ പ്രതിഷേധം: ക്ലബ് വിടാനുറച്ച് നെയ്മര്‍
|ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്
പാരിസ്: സൂപ്പർ താരം നെയ്മറിന്റെ വീടിനുമുൻപിൽ പി.എസ്.ജി ആരാധകർ പ്രതിഷേധം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്ലബ് ആസ്ഥാനത്തും പി.എസ്.ജി ആരാധകക്കൂട്ടായ്മയായ 'അൾട്രാസ്' പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെ താരം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നെയ്മറുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് 'ഗോള്‍ ഡോട്ട് കോം' റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മെയ് മൂന്നിനാണ് ഫ്രഞ്ച് നഗരമായ ബൂജിവാലിലുള്ള നെയ്മറിന്റെ വസതിക്കുമുൻപിൽ 'ലെസ് പാരിസിയൻസ് അൾട്രാസി'ന്റെ നേതൃത്വത്തിൽ വൻ ആരാധകക്കൂട്ടം സംഘടിച്ച് പ്രതിഷേധിച്ചത്. ഇതോടൊപ്പം പാരിസിലുള്ള ക്ലബ് ആസ്ഥാനത്തും ആരാധകർ നെയ്മറിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി. സംഭവം തന്നെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണെന്നാണ് താരം അടുത്തവൃത്തങ്ങളോട് പറഞ്ഞത്.
ഇനിയും പി.എസ്.ജി ജഴ്‌സി അണിയാൻ താൽപര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് നെയ്മർ. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാനാണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്നടക്കം വരുന്ന മികച്ച ഓഫർ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നിലവിൽ കണങ്കാലിനു പരിക്കുമായി മാസങ്ങളായി കളത്തിനു പുറത്താണ് നെയ്മർ. മിക്ക സീസണുകളിലും പരിക്കിനെ തുടർന്ന് പി.എസ്.ജിക്കായി മുഴുവൻ മത്സരങ്ങളിലും ഇറങ്ങാനാകാറില്ല. ഇതുകൂടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീമിന്റെ മോശം പ്രകടനത്തിൽ നെയ്മറിനും പങ്കുണ്ടെന്നാണ് അൾട്രാസിന്റെ ആരോപണം.
ലയണൽ മെസിക്കെതിരെയും നേരത്തെ അൾട്രാസിന്റെ പ്രതിഷേധമുണ്ടായിരുന്നു. പി.എസ്.ജി മത്സരങ്ങൾക്കിടെ മെസിക്കെതിരെ നേരിട്ടായിരുന്നു പ്രതിഷേധം. ഇതിൽ മെസി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യൻ യാത്ര നടത്തിയതിന് മെസിക്കെതിരെ പി.എസ്.ജി നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിറകെ താരവും ക്ലബ് വിടുന്നതായുള്ള വാർത്ത ശക്തമാണ്. മുൻ ക്ലബ് ബാഴ്‌സലോണ താരത്തെ തിരിച്ചെത്തിക്കാനുള്ള നീക്കം പരസ്യമാക്കിയിട്ടുണ്ട്. സൗദി ക്ലബായ അൽഹിലാലും വമ്പൻ ഓഫറുമായി മെസിയുടെ പിന്നാലെയുണ്ട്.
Summary: Neymar tells his close ones that he wants to leave PSG after ultras’ protest outside his home