ലോകകപ്പിന് മാനെ ഇല്ല; സെനഗലിന് തിരിച്ചടി
|പരിക്കേറ്റിട്ടും മാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു
ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർതാരം സാദിയോ മാനെ ഖത്തർ ലോകകപ്പിന് പുറത്ത്. സെനഗൽ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ബുണ്ടസ് ലീഗയിൽ ബയേൺ-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ റിപ്പോർട്ടുകൾ താരത്തിന് ലോകകപ്പ് നഷ്ടമാവില്ല എന്നായിരുന്നു. എന്നാൽ, പരിക്ക് സാരമായതിനാൽ മാനെക്ക് ലോകകപ്പ് നഷ്ടമാകും.
പരിക്കേറ്റിട്ടും മാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു.
മാനെയുടെ അഭാവം ടീമിന് തിരിച്ചടിയാണെങ്കിലും ഏത് ടീമിനെയും നേരിടാൻ പ്രാപ്തരായ ടീമാണ് സെനഗൽ. നെതർലൻഡ്സ്, ഖത്തർ, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും ജയങ്ങൾ സ്വന്തമാക്കി പ്രീക്വാർട്ടറിലെത്താനായിരിക്കും ടീമിന്റെ ലക്ഷ്യം.
അതേസമയം, ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 20 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം ആരംഭിക്കുക.