ഇനി 'ഫിഫ സന്തോഷ് ട്രോഫി'; സഹകരണം ഉറപ്പിച്ച് എഐഎഫ്എഫ്
|ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും
ഇനി 'ഫിഫ സന്തോഷ് ട്രോഫി'. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു. ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫന്റീനോ സന്തോഷ് ട്രോഫി ഫൈനലിന് എത്തും. ഇന്ന് ഡൽഹിയിൽ ചേർ എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രസിഡൻറ് കല്യാൺ ചൗബേ ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശിൽ നടക്കുന്ന ഫൈനൽ റൗണ്ടിന് ഫിഫ ഉദ്യോഗസ്ഥരെത്തും.
സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് റൗണ്ടിൽ കേരളത്തെ തോൽപ്പിച്ച് ഗോവ പത്ത് പോയിൻറുമായി ഗ്രൂപ്പ് എയിൽ ഒന്നാമതായിരുന്നു. മൂന്നു വിജയവും ഒരു സമനിലയുമാണ് ടീം നേടിയിരുന്നത്. മൂന്നു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻറ് നേടിയ കേരളവും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. മണിപ്പൂർ, ഉത്തർപ്രദേശ്, അസം, റെയിൽവേസ് എന്നീ ടീമുകളും വിവിധ ഗ്രൂപ്പുകളിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നു.
നേരത്തെ കേരളം ഗുജറാത്ത്, ജമ്മു കശ്മീർ ചത്തിസ്ഗഢ് എന്നീ ടീമുകളെ തോൽപ്പിച്ചിരുന്നു. നിലവിലെ ജേതാക്കളായ കർണാടക, റണ്ണേഴ്സ് അപ്പായ മേഘാലയ, ആതിഥേയരായ അരുണാചൽ പ്രദേശ് എന്നീ ടീമുകളും ഫൈനൽ റൗണ്ടിലെ ഒമ്പത് ടീമുകൾക്കൊപ്പം കളിക്കും. ആറു ടീം വീതമുള്ള രണ്ട് ഗ്രൂപ്പായാണ് കളിക്കുക. ആദ്യ രണ്ടു ടീമുകൾ സെമിഫൈനലിലെത്തും. കഴിഞ്ഞ വർഷം കേരളം സെമിഫൈനലിലെത്തിയിരുന്നില്ല.
Now 'FIFA Santosh Trophy'