Football
ഞങ്ങളുടെ മൂന്ന് സിംഹങ്ങള്‍; വംശീയാധിക്ഷേപം നേരിട്ട താരങ്ങളെ ചേര്‍ത്തുപിടിച്ച് ഇംഗ്ലണ്ട് ടീം
Football

'ഞങ്ങളുടെ മൂന്ന് സിംഹങ്ങള്‍'; വംശീയാധിക്ഷേപം നേരിട്ട താരങ്ങളെ ചേര്‍ത്തുപിടിച്ച് ഇംഗ്ലണ്ട് ടീം

ijas
|
13 July 2021 2:53 PM GMT

'നിങ്ങള്‍ ആരെയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇംഗ്ലണ്ടിന്‍റെ ആരാധകരല്ല, നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമില്ല'

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ വംശീയാധിക്ഷേപമാണ് നേരിടേണ്ടി വന്നത്. പെനാല്‍ട്ടി ഷൂട്ടൗട്ടിൽ സ്കോർ ചെയ്യാതിരുന്ന കറുത്ത വംശജരായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സമൂഹ മാധ്യമങ്ങളില്‍ വംശീയാധിക്ഷേപം ഉയര്‍ന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ലോകമൊന്നടങ്കം ഉയര്‍ത്തിയത്. വംശീയാധിക്ഷേപത്തിനെതിരെ ഇംഗ്ലണ്ട് ടീം തന്നെ ഔദ്യോഗികമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

'ഞങ്ങളുടെ മൂന്ന് സിംഹങ്ങള്‍‌', എന്ന അടിക്കുറുപ്പോടെ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവരുടെ പെനാല്‍ട്ടിക്ക് ശേഷമുള്ള ചിത്രം സിംഹത്തോടുപമിച്ചാണ് ഇംഗ്ലണ്ട് ടീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വംശീയാധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്ഫോഡ് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പിന് താഴെയും ഇംഗ്ലണ്ട് ടീം പിന്തുണ അറിയിച്ചിട്ടുണ്ട്. 'മുഖം ഉയര്‍ത്തിപിടിക്കൂ, മാര്‍ക്കസ്. നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ഇതില്‍ നിന്നും നീ കൂടുതല്‍ ശക്തനായി തിരിച്ചുവരൂ', ഇംഗ്ലണ്ട് ടീം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും കുറിച്ചു.

കറുത്ത വംശജരായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവരെ ചേര്‍ത്തുപിടിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം, കാല്‍വിന്‍ ഫിലിപ്സ്, ടിറോന്‍ മിങ്സ് എന്നിവരും രംഗത്തുവന്നിരുന്നു. 'ഈ സീസണിലുടനീളം മൂന്ന് താരങ്ങളും ഉജ്വലമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സന്നിഗ്ദ ഘട്ടത്തില്‍ പെനാല്‍ട്ടി എടുക്കാന്‍ ധൈര്യം കാട്ടിയവരാണ് അവര്‍. കഴിഞ്ഞ രാത്രി മുതല്‍ ആരംഭിച്ച വംശീയ അധിക്ഷേപങ്ങളല്ല നമ്മുടെ പിന്തുണയാണ് അവര്‍ അര്‍ഹിക്കുന്നത്. നിങ്ങള്‍ ആരെയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇംഗ്ലണ്ടിന്‍റെ ആരാധകരല്ല, നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമില്ല', ഹാരി കെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ക്കസ് റാഷ്ഫോഡിന്‍റെ മറുപടിക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 23 വയസ്സുള്ള കറുത്തവനാണ് എന്ന് പറഞ്ഞ താരം തന്‍റെ അസ്തിത്വത്തിൽ അഭിമാനിക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഫൈനലിലെ ഷൂട്ടൗട്ടിൽ പെനാൽറ്റി പാഴാക്കിയതിൽ ആരാധകരോട് മാപ്പു ചോദിക്കുന്നതായും സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചു.

'എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല. ഈ സമയത്ത് എന്റെ വികാരങ്ങൾ എങ്ങനെ വാക്കുകളായി പകർത്തണമെന്നും നിശ്ചയമില്ല. എനിക്ക് ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. ഷൂട്ടൗട്ടിൽ എടുത്ത കിക്കിന്റെ ഫലം ഞാൻ ആഗ്രഹിച്ചതായിരുന്നില്ല. ഉറക്കത്തിൽ പോലും ഞാൻ പെനാൽറ്റിയിൽ സ്‌കോർ ചെയ്യാറുണ്ട്. എന്തു കൊണ്ട് അന്നതിനായില്ല? അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. 55 വർഷത്തിന് ശേഷമായിരുന്നു ആ ഫൈനൽ. ഒരു പെനാൽറ്റി. അതു ചരിത്രമായിരുന്നു. എനിക്കിപ്പോൾ മാപ്പു പറയാനേ ആകുന്നുള്ളൂ' - റാഷ്‌ഫോർഡ് കുറിച്ചു.

'ഈ വേനൽ എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാമ്പുകളിൽ ഒന്നായിരുന്നു. നിങ്ങൾ എല്ലാവരും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. നമ്മൾ ഉണ്ടാക്കിയ സഹോദരബന്ധം തകർക്കാനാകാത്തതാണ്. നിങ്ങളുടെ വിജയമാണ് എന്റെ വിജയം. നിങ്ങളുടെ പരാജയം എന്റേതുമാണ്. വിമർശനങ്ങളെ ഞാൻ സ്വീകരിക്കുന്നു. എന്റെ പെനാൽറ്റി മികച്ചതായിരുന്നില്ല. മാപ്പു ചോദിക്കുന്നു. എന്നാൽ ആരാണ് ഞാൻ, ഞാൻ എവിടെ നിന്ന് വരുന്നു എന്നതിൽ ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ല. ഞാൻ മാർക്കസ് റാഷ്‌ഫോർഡ്. ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണിൽ നിന്നുള്ള 23 വയസ്സുള്ള കറുപ്പൻ' - അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts