ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ സ്വർണം യു.എസിന്; ബ്രസീലിനെ കീഴടക്കി(1-0)
|62ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യു.എസിനായി വിജയഗോൾ നേടിയത്.
പാരീസ്: ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് യു.എസിന് ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ സ്വർണം. 62ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യു.എസിനായി വിജയഗോൾ നേടിയത്. നൂറാം രാജ്യാന്തര മത്സരത്തിലാണ് താരം രാജ്യത്തിന് തിളക്കമുള്ള മെഡൽ നേടിയത്. ജർമനിക്കാണ് വെങ്കലം.
തുടക്കം മുതൽ ബ്രസീൽ ആക്രമിച്ചുകളിച്ചെങ്കിലും ഫിനിഷിങിലെ പ്രശ്നങ്ങൾ തിരിച്ചടിയായി. 16ാം മിനിറ്റിൽ കാനറികൾക്ക് പ്രതീക്ഷ നൽകി ലുഡ്മില ഗോൾനേടിയെങ്കിലും ഓഫ് സൈഡ് കെണിയിൽ കുരുങ്ങി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ 62ാം മിനിറ്റിൽ സ്വാൻസൻ യു.എസിന്റെ വിജയഗോൾ കണ്ടെത്തി. എന്നാൽ അവസാന മിനിറ്റുവരെ ഗോൾ മടക്കാൻ മഞ്ഞപ്പട ശ്രമിച്ചെങ്കിലും യു.എസ് ഗോൾകീപ്പറെ മറികടക്കാനായില്ല. ഒടുവിൽ വെള്ളിമെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ ശനിയാഴ്ച രാത്രിയോടെ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം പാരീസിൽ ആറുമെഡലാണ് ഇന്ത്യയുടെ നേട്ടം. ടോക്കിയോ ഒളിമ്പിക്സിലെ ഏഴ് മെഡൽ നേട്ടം മറികടക്കാനായില്ല