ഡിബാലയെ റാഞ്ചി റോമ; ഡി ലിറ്റ് ബയേണിലേക്ക്
|മൂന്ന് വർഷത്തെ കരാറിലാണ് ഡിബാല റോമയിലെത്തുന്നത്
സീരി എ വമ്പന്മാരായ യുവന്റസിന്‍റെ അർജന്റീന സൂപ്പർ താരം പൗലോ ഡിബാലയെ സ്വന്തമാക്കി എ.എസ് റോമ. മൂന്ന് വർഷത്തെ കരാറിലാണ് താരം റോമയിലെത്തിയത്. ആറ് മില്യൺ യൂറോക്ക് ഫ്രീ ഏജന്റായാണ് താരം റോമയിലെത്തുന്നത്. നേരത്തേ യുവന്റസുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചിരുന്നു.
28 കാരനായ ഡിബാല 2015 ലാണ് യുവന്റസിൽ എത്തുന്നത്. യുവന്റസിനൊപ്പം 7 വർഷം പന്തു തട്ടിയ താരം 5 സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ കിരീടങ്ങളും ടീമിന് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. യുവന്റസിനായി 293 മത്സരങ്ങളിൽ നിന്നായി താരം 115 ഗോളുകൾ നേടി.
ഈ സീസണിലെ റോമ ടീമിലെത്തിക്കുന്ന നാലാമത്തെ കളിക്കാരനാണ് ഡിബാല. മിഡ്ഫീൽഡർ നെമൻജാ മാറ്റിക്കും ഗോൾകീപ്പർ സ്വിലറും ഡിഫന്റർ സെകി സെലിക്കുമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനൊപ്പം ചേർന്ന മറ്റു താരങ്ങൾ.
യുവന്റസിന്‍റെ തന്നെ മറ്റൊരു താരമായ ഡി ലിറ്റിനെ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. 80 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 650 കോടി രൂപ) താരത്തെ ബയേണ്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. അഞ്ചുവര്‍ഷത്തെ കരാറിലാണ് ഡി ലിറ്റ് ബയേണിലെത്തുന്നത്.