Football
പരിക്ക് ഗുരുതരം: ഡിബാലക്ക് ലോകകപ്പ് നഷ്ടമായേക്കും
Football

പരിക്ക് ഗുരുതരം: ഡിബാലക്ക് ലോകകപ്പ് നഷ്ടമായേക്കും

Web Desk
|
10 Oct 2022 9:54 AM GMT

"ഞാനൊരു ഡോക്ടറല്ല. ഡോക്ടറോട് ചോദിച്ച ശേഷമല്ല ഈ പറയുന്നത്: ഈ പരിക്ക് വളരെ വളരെ മോശമാണ്..."

റോം: അർജന്റീനയുടെ മുന്നേറ്റ താരം പൗളോ ഡിബാല ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിൽ. ഇറ്റാലിയൻ സീരി എയിൽ ലെക്‌ചെക്കെതിരെ പരിക്കേറ്റതാണ് 28-കാരന് തിരിച്ചടിയായത്. 48-ാം മിനുട്ടിൽ തുടയിൽ വേദന അനുഭവപ്പെട്ട താരം മൈതാനം വിട്ടിരുന്നു. പരിക്ക് ഗുരുതരമാണെന്നും ഭേദപ്പെടാൻ സമയമെടുക്കുമെന്നും റോമ കോച്ച് ജോസെ മൗറിഞ്ഞോ പറഞ്ഞു.

ലെക്‌ചെക്കെതിരായ മത്സരത്തിൽ 48-ാം മിനുട്ടിൽ റോമയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽട്ടി കിക്ക് ഡിബാലയാണ് എടുത്തത്. പന്ത് വലയിലാക്കിയെങ്കിലും ഇടതുതുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ കോച്ച് പിൻവലിച്ചു. മത്സരശേഷം സംസാരിക്കവെയാണ് പരിക്ക് ഗുരുതരമാണെന്ന് മൗറിഞ്ഞോ അഭിപ്രായപ്പെട്ടത്.

'വളരെ മോശം പരിക്കാണിതെന്നാണ് എനിക്ക് തോന്നുന്നത്. ദൗർഭാഗ്യവശാൽ വളരെ വളരെ മോശം. ഞാനൊരു ഡോക്ടറല്ല. ഡോക്ടറോട് ചോദിച്ച ശേഷമല്ല ഈ പറയുന്നതും. പക്ഷേ, ഡിബാലയുമായി സംസാരിച്ചതിൽ നിന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളത് ഇത് ഭേദമാകാൻ സമയമെടുക്കുമെന്നാണ്...' - മൗറിഞ്ഞോ പറഞ്ഞു.

2018 ലോകകപ്പിനും 2019-ലെ കോപ അമേരിക്കയ്ക്കുമുള്ള ടീമിൽ ഇടംനേടിയിരുന്ന ഡിബാല അതിനു ശേഷം രാജ്യത്തിനു വേണ്ടി ഒരു മേജർ ടൂർണമെന്റ് കളിച്ചിട്ടില്ല. 2021-ൽ അർജന്റീന ജേതാക്കളായ കോപ അമേരിക്കയ്ക്കുള്ള ടീമിൽ ഡിബാലയെ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരായ ഫൈനലിസ്സിമയിൽ ദക്ഷിണ അമേരിക്കൻ ടീമിനു വേണ്ടി താരം ഗോൾ നേടിയിരുന്നു.

ഇറ്റാലിയൻ ലീഗിൽ നടത്തുന്ന മികച്ച പ്രകടനത്തിന്റെ പേരിൽ ലോകകപ്പ് ടീമിൽ ഇടംലഭിച്ചേക്കുമെന്ന സൂചനകൾക്കു പിന്നാലെയാണ് ഡിബാലയ്ക്ക് പരിക്കേറ്റിരിക്കുന്നത്.

Similar Posts