ദക്ഷിണേന്ത്യൻ ഡർബിയിൽ ബംഗളൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം
|ഇന്ന് ജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയൻറ് പട്ടികയിൽ ആദ്യ നാലിലെത്തി
കൊച്ചി: ഐ.എസ്.എല്ലിലെ ദക്ഷിണേന്ത്യൻ ഡർബിയിൽ ബംഗളൂരു എഫ്.സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. 3-2നാണ് മഞ്ഞപ്പട ബംഗളൂരുവിനെ വീഴ്ത്തിയത്. കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോൾ നേടി മികച്ച ഫോമിലുള്ള സ്‌ട്രൈക്കർ ദിമിത്രിസ് ഡയമൻഡക്കോസ് ഇന്നും താരമായി. ഡയമൻഡക്കോസ് ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ തുടക്കത്തിൽ പെനാൽറ്റി ഗോളിൽ മുമ്പിലെത്തിയ ബംഗളൂരു എഫ്.സിക്കെതിരെ ലെസ്‌കോവിച്ചിലൂടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ തിരിച്ചടിച്ചിരുന്നു. ക്ലബിൽ മുമ്പ് കളിച്ചിരുന്ന സന്ദേശ് ജിങ്കന്റെ മിസ്സിലാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോൾ കണ്ടെത്തി മത്സരത്തിൽ ലീഡ് നേടിയത്. 43ാം മിനുട്ടിൽ ജിങ്കന്റെ മുന്നിലൂടെ വന്ന പാസ് താരം മിസ്സാക്കിയപ്പോൾ ഡയമൻഡക്കോസ് ഗോളാക്കുകയായിരുന്നു. 70ാം മിനുട്ടിൽ അപ്പോസ്തലസ് ജിയാനേ മൂന്നാം ഗോളടിച്ച് വീണ്ടും ലീഡുയർത്തി. ഡയമൻഡക്കോസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. എന്നാൽ ജാവി ഹെർണാണ്ടസിലൂടെ ഒരു ഗോൾ കൂടി ബംഗളൂരു നേടി. 81ാം മിനുട്ടിലായിരുന്നു ഗോൾ.
മത്സരത്തിൽ 14ാം മിനുട്ടിൽ സുനിൽ ഛേത്രി പെനാൽറ്റി ഗോളടിച്ച് പത്ത് മിനുട്ട് തികയും മുമ്പ് കൊമ്പൻമാർ തിരിച്ചടിക്കുകയായിരുന്നു. 25ാം മിനുട്ടിൽ മാർകോ ലെസ്‌കേവിച്ചാണ് ഗോൾ നേടിയത്. നേരത്തെ പന്തുമായി മുന്നേറിയ ഛേത്രിയെ ബോക്‌സിനകത്ത് വെച്ച് ഗിൽ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി അനുവദിച്ചത്.
എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂർ എഫ്.സിയെ വീഴ്ത്തിയ കൊമ്പന്മാർ തങ്ങളുടെ വിജയയാത്ര ഇതോടെ അഞ്ചു മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്ന് ജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പോയൻറ് പട്ടികയിൽ ആദ്യ നാലിലെത്തി.
എന്നാൽ സൈമൺ ഗ്രേയ്‌സണിന്റെ ബംഗളൂരു എഫ്.സി എടികെ മോഹൻബഗാനോട് ഒരു ഗോളിന് പരാജയപ്പെട്ട ശേഷം കളത്തിലിറങ്ങിയ ബംഗളൂരുവിന് ഇന്നും തോൽവിയായിരുന്നു ഫലം. ഇതോടെ കളിച്ച ഒമ്പത് മത്സരങ്ങളിൽ ആറിലും ബംഗളൂരു ടീം തോറ്റു.
കേരളാ ബ്ലാസ്റ്റേഴ്സ് ഇലവൻ
പ്രഭ്സുഖൻ ഗിൽ (ഗോൾകീപ്പർ), നിഷു കുമാർ, മാർകോ ലെസ്‌കോവിച്ച്, റുയിവാഹ് ഹോർമിപാം, സന്ദീപ് സിംഗ്, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസ്സമദ്, ഇവാൻ കലിയൂസ്നി, ജിക്സൻ സിംഗ്, ദിമിത്രിസ് ഡയമൻഡക്കോസ്, രാഹുൽ കെ.പി.
ബംഗളൂരു എഫ്.സി ഇലവൻ
ഗുർപ്രീത് സിംഗ് സന്ധു(ഗോൾകീപ്പർ), സന്ദേശ് ജിങ്കൻ, അലക്സാണ്ടർ ജോവാനോവിച്ച്, നംഗ്യാൽ ബൂട്ടിയ, പ്രബീർ ദാസ്, സുരേഷ് വാഞ്ചം, ജാവി ഹെർണാണ്ടസ്, ഡാനിഷ് ഫാറൂഖി, നാരോം റോഷൻ സിംഗ്, റോയ് കൃഷ്ണ. സുനിൽ ഛേത്രി.
ഇന്നത്തെ മത്സരം കേരളത്തിലെ ജനങ്ങൾ വളരെ പ്രധാനമാണെന്ന് തങ്ങൾക്ക് അറിയാമെന്നും നല്ല കളി കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച് പറഞ്ഞിരുന്നു.