'സിറ്റിയെ വിലക്കണമെന്ന് എല്ലാ പ്രീമിയർലീഗ് ക്ലബുകളും ആഗ്രഹിക്കുന്നു'; ഗ്വാർഡിയോള
|സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് സിറ്റിക്കെതിരെ ഉയർന്ന 115 കുറ്റങ്ങളുടെ വാദം തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്.
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയെ വിലക്കണമെന്ന് എല്ലാ പ്രീമിയർലീഗ് ക്ലബുകളും ആഗ്രഹിക്കുന്നതായി പരിശീലകൻ പെപ് ഗ്വാർഡിയോള. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിരവധി മുൻനിര ക്ലബുകൾ ആവശ്യപ്പെട്ടതായി ലാലീഗ പ്രസിഡന്റ് ജാവിയർ ടെബസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സ്പാനിഷ് പരിശീലകൻ.
അതേസമയം, സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് സിറ്റിക്കെതിരെ ഉയർന്ന 115 കുറ്റങ്ങളുടെ വാദം തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്.ഫുട്‌ബോൾ ആരാധകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമെന്നും ക്രമക്കേടുകൾ ക്ലബ് അധികൃതർ നേരത്തെ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നീതി പ്രതീക്ഷിക്കുന്നു. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായ ബോധ്യമുണ്ട്. അതിനാൽ വിധി വരുന്നതുവരെ ക്ലബുകൾ കാത്തിരിക്കണമെന്നും ഗ്വാർഡിയോള പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കളിക്കാരുമായി സംസാരിച്ചിട്ടില്ലെന്നും കോച്ച് വ്യക്തമാക്കി. യുവേഫ നാഷൺസ് ലീഗിൽ ജർമനിക്കെതിരെ മത്സരക്കിവെ പരിക്കേറ്റ നെതർലാൻഡിന്റെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം നഥാൻ ആകെ ഏഴ് മത്സരങ്ങളിലെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.