തുടർച്ചയായ നാലാം തോൽവി; അവസാനിച്ചോ പെപ് യുഗം?
|ലോകത്തെയും മൈതാനങ്ങളെയും അടക്കി ഭരിച്ച എല്ലാ സംഘങ്ങളും തകർച്ചയുടെ കാലത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചില ടീമുകൾ തെറ്റുകൾ തിരിച്ചറിഞ്ഞ് ഗംഭീര തിരിച്ചുവരവുകൾ നടത്തി. അതേ സമയം മറ്റുചിലരാകട്ടെ, ഇനിയൊരു മടങ്ങിവരവില്ലാത്ത വിധം തകർന്നുപോയി.
അടുത്തിടെയായി ഇത്തിഹാദിൽ നിന്നും കേൾക്കുന്ന വാർത്തകളിൽ എതിരാളികൾ വലിയ സന്തോഷത്തിലാണ്. കാരണം 2006ന് ശേഷം ഇതാദ്യമായി മാഞ്ചസ്റ്റർ സിറ്റി നാലു തുടർമത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ലാലിഗയിലും ബുണ്ടസ് ലിഗയിലും പ്രീമിയർ ലീഗിലുമായി അങ്കങ്ങളേറെ കണ്ടിട്ടും നേരിടാത്ത നാണക്കേട് ഒടുവിൽ പെപ്പും നേരിട്ടിരിക്കുന്നു.
ഇഎഫ്എൽ കപ്പിൽ ടോട്ടനത്തോടായിരുന്നു ആദ്യത്തെ തോൽവി. തൊട്ടുപിന്നാലെ ബോൺമൗത്തിന് മുന്നിലും വീണു. 11 മാസത്തിനിടെ പ്രീമിയർ ലീഗിലെ ആദ്യ തോൽവിയായിരുന്നു ഇത്. എന്നാൽ ഇതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബണ് മുന്നിൽ 4-1ന് തകർന്നടിഞ്ഞപ്പോൾ സിറ്റിയുടെ എതിരാളികൾ വരെ ഞെട്ടിയെന്നതാണ് സത്യം. പ്രീമിയർ ലീഗിൽ ബ്രൈറ്റണോട് കൂടി തോറ്റതോടെ സിറ്റിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എല്ലാവരും ഉറപ്പിക്കുന്നു.
എന്താണ് സിറ്റിക്ക് സംഭവിക്കുന്നത്?
സിറ്റിയുടെ ഏറ്റവും പ്രധാന പ്രശ്നം തുടർച്ചയായുള്ള പരിക്കുകളാണ്. പ്രത്യേകിച്ചും ഡിഫൻസിലെ മുന്നണിപ്പോരാളികൾക്കെല്ലാം മുറിവേറ്റിരിക്കുന്നു. റൂബൺ ഡയസ്, ജോൺ സ്റ്റോൺസ് എന്നിവർ പുറത്താണ്. നഥാൻ ആക്കെയും മാനുവൽ അക്കാഞ്ചിയും ഇനിയും പൂർണമായും ഫിറ്റായിട്ടില്ല. ജോസ്കോ ഗ്വാർഡിയോളിനും കൈൽ വാൽക്കർക്കുമൊപ്പം 19 കാരനായ സിംപസ്സണും റീക്കോ ലെവിസുമാണ് ബൂട്ടുകെട്ടുന്നത്.
ഡിഫൻസിനെയും അറ്റാക്കിങ്ങിനെയും കൂട്ടിക്കെട്ടുന്നിടത്താണ് ഏറ്റവും വലിയ പ്രശ്നം. അവിടെ റോഡ്രിയെന്ന ഒരിക്കലും നികത്താനാകാത്ത വിടവുണ്ട്. റോഡ്രിയുള്ള മത്സരങ്ങളും ഇല്ലാത്ത മത്സരങ്ങളും സിറ്റിക്ക് ഒരിക്കലും ഒരുപോലെയല്ല. റോഡ്രിയില്ലാത്ത 24 മത്സരങ്ങളിൽ സിറ്റി ജയിച്ചത് 14 എണ്ണത്തിൽ മാത്രമാണ്. എട്ടുതോൽവികളും ഏറ്റുവാങ്ങി. അഥവാ റോഡ്രിയുള്ളപ്പോൾ സിറ്റിയുടെ വിജയശരാശരി 73ശതമാനമാണെങ്കിൽ റോഡ്രിയുടെ അഭാവത്തിൽ അത് 58 മാത്രമാണ്.
വിങ്ങുകളിലും പ്രശ്നമുണ്ട്. ഓസ്കാർ ബോബും ജെറമി ഡോക്കുവും പരിക്കിലാണ്. മുൻ നിരയിലുള്ള ജാക്ക് ഗ്രീലിഷ് ഒക്ടോബർ പകുതി മുതൽ പുറത്തിരിക്കുന്നു. ഇതിനിടെ ഇനിയും ഫിറ്റാകാത്ത ഗ്രീലിഷിനെ ഇംഗ്ലണ്ട് ദേശീയ ടീമിലുൾപ്പെടുത്തിയതിലുള്ള പ്രതിഷേധം പെപ് അറിയിച്ചിട്ടുണ്ട്. സിറ്റിയുടെ മധ്യനിരയിലെ എഞ്ചിനായ കെവിൻ ഡിബ്രൂയ്നെ പോയ ഏതാനും മത്സരങ്ങളിൽ അൽപ്പ സമയം കളിച്ചത് മാത്രമാണ് അവർക്ക് ആശ്വസിക്കാനുള്ളത്.
എന്നാൽ പരിക്കുകൾക്കപ്പുറത്തുള്ള പ്രശ്നങ്ങളും സിറ്റിക്കുണ്ട്. പോയ സീസണിൽ അവർ ഒരു മത്സരത്തിൽ ശരാശരി 2.53 ഗോളുകൾ വീതം അടിച്ചുകൂട്ടിയിരുന്നു. എന്നാൽ ഇത്തവണ അത് രണ്ടായി ചുരുങ്ങി. എന്നാൽ എതിർടീമിന്റെ പോസ്റ്റിലേക്ക് തൊടുക്കുന്ന ഷോട്ടുകൾ 18.5ൽ നിന്നും 19.6 ആയി ഉയർന്നിട്ടുമുണ്ട്. ഇതിനർത്ഥം ഫിനിഷിങ്ങിൽ പ്രശ്നങ്ങളുണ്ടെന്നാണ്. എർലിങ് ഹാളണ്ടിന്റെ ബിഗ് ചാൻസ് കൺവേർഷർ റേറ്റ് 38 ശതമാനത്തിൽ നിന്നും 29 ശതമാനമായി കുറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കാം. ഗോളുകൾ കൺസീഡ് ചെയ്യതും ഷോട്ടുകൾ നേരിടുന്നതും വർധിച്ചിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സിറ്റിയെ ഭയക്കാതിരിക്കാൻ എതിരാളികൾക്കാകില്ല. എല്ലാ സീസണുകളിലും സിറ്റി ഒരു ലോഫേസിൽ കടന്നുപോകാറുണ്ട്. ഓർമയില്ലേ 2022.. അന്ന് ലോകകപ്പിന് മുമ്പായി പ്രീമിയർ ലീഗിന് താൽക്കാലിക വിരാമമിടുമ്പോൾ തുടർ തോൽവികളുമായി അവർ രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാമതുള്ള ആർസനലിനേക്കാൾ അഞ്ചുപോയന്റ് വ്യത്യാസം. എന്നാൽ ആ സീസൺ ആഴ്സണലിനേക്കാൾ അഞ്ചുപോയന്റ് മുന്നിലായാണ് അവർ അവസാനിപ്പിച്ചത്. സീസണിലെ ഫൈനൽ ലാപ്പിൽ ബീസ്റ്റ് മോഡിലേക്ക് മാറുന്ന സിറ്റിയെ നാം ഒരപാട് തവണ കണ്ടിട്ടുണ്ട്.
എന്നാൽ പെപ് ഗ്വാർഡിയോള ഒരേ സമയം പ്രതീക്ഷയും നിരാശയും നിറഞ്ഞ പ്രസ്താവന നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പെപ് പറഞ്ഞതിങ്ങനെ- തലയിൽ നിന്ന് ഇതെല്ലാം മായ്ച്ചു കളഞ്ഞ് ഞങ്ങൾ തിരിച്ചുവരും. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പരിക്ക് മാറി താരങ്ങൾ തിരിച്ചെത്തുന്നതോടെ കഥ മാറും. ഈ ഷെഡ്യൂൾ കുറച്ച് ബുദ്ധിമുട്ടേറിയതാണ്. പോയ ഏഴുവർഷത്തിനുള്ളിൽ ആറുതവണ ഞങ്ങൾ ആറുതവണ പ്രീമിയർ ലീഗ് നേടി. ചിലപ്പോൾ ഇക്കുറി വേറൊരു ടീം അതർഹിക്കുന്നുണ്ടാകാം. കാത്തിരുന്ന് കാണാം എന്നാണ് പെപ് പറഞ്ഞത്.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ടോട്ടനം ലിവർപൂൾ എന്നീ ശക്തരുമായാണ് സിറ്റിക്ക് മുട്ടാനുള്ളത്. ഇതിൽ തന്നെ ലിവർപൂളുമായുള്ള മത്സരം നിർണായകമാണ്. ആൾറെഡി 5 പോയന്റ് മുന്നിലുള്ള ലിവർപൂളിനോട് തോറ്റാൽ പിന്നീടൊരു തിരിച്ചുവരവ് അതി കഠിനമാകും.
പെപ് ബ്രസീൽ കോച്ചാകുമോ?
അതിനിടയിൽ മറ്റൊരു രസകരമായ വാർത്ത കൂടി വരുന്നുണ്ട്. ബ്രസീൽ ദേശീയ ടീം കോച്ചായി പെപ് ഗ്വാർഡിയോളയെ പരിഗണിക്കുന്നുവെന്നാണ് അത്. ഫുട്ബോളിലെ ഏറ്റവും ആധികാരിക വാർത്ത മാധ്യമങ്ങളിലൊന്നായ അത്‍ലറ്റിക്കാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ വർഷം സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന പെപ് ഒരു ദേശീയ ടീമിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തേയുള്ളതാണ്. കൂടാതെ ജോലിഭാരം കുറഞ്ഞ ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള താൽപര്യം അദ്ദേഹം നേരത്തേ തുറന്നുപറയുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് അടക്കമുളള ടീമുകൾ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ ഈ വാർത്ത പരന്നതോടെ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ നിഷേധിച്ച് രംഗത്തെത്തി. പെപ് മഹാനായ കോച്ചാണെങ്കിലും ഡോരിവൽ ജൂനിയറിൽ വിശ്വസിക്കുന്നുവെന്നാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗ്വസ് പറഞ്ഞത്. സ്പോർട്ടിങ്ങിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ബ്രസീൽ കോച്ചാകുമോ എന്ന ചോദ്യം ഒരു മാധ്യമ പ്രവർത്തക പെപ്പിനോട് ചോദിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ 4-1ന് തോറ്റതിനാൽ ബ്രസീലിന് എന്നെ വേണ്ടിവരില്ല എന്ന തമാശ രൂപണേയുള്ള മറുപടിയാണ് പെപ് നൽകിയത്. ഒരു വർഷം കൂടി പെപ് സിറ്റിയിൽ തുടരുമെന്നും പിന്നീട് 2030 ലോകകപ്പ് ലക്ഷ്യമാക്കി ഒരു ദേശീയ ടീമിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകളും പരക്കുന്നുണ്ട്.