Football
സിറ്റിയിൽ തുടരില്ല; ഗ്വാർഡിയോളയുടെ ഭാവി പ്ലാൻ വേറെയാണ്
Football

സിറ്റിയിൽ തുടരില്ല; ഗ്വാർഡിയോളയുടെ ഭാവി പ്ലാൻ വേറെയാണ്

André
|
26 Aug 2021 11:20 AM GMT

ടിറ്റേ പരിശീലിപ്പിക്കുന്ന ബ്രസീൽ ടീം മികച്ചതാണെന്നും അടുത്ത ലോകകപ്പിൽ ബ്രസീലിന് മികച്ച സാധ്യതയാണുള്ളതെന്നും പെപ്

വർത്തമാന ഫുട്‌ബോളിലെ പരിശീലകരിൽ സൂപ്പർതാര പദവിയുള്ളയാളാണ് പെപ് ഗ്വാർഡിയോള. ബാഴ്‌സലോണയ്ക്ക് സുവർണകാലം സമ്മാനിച്ച പെപ് പിന്നീട് ബയേൺ മ്യൂണിക്കിലും മാഞ്ചസ്റ്റർ സിറ്റിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ലാലിഗയിലും ബുണ്ടസ് ലിഗയിലും പ്രീമിയർ ലീഗിലും ഏറ്റവും കൂടുതൽ തുടർവിജയങ്ങളടക്കം നിരവധി റെക്കോർഡുകൾ സ്വന്തം പേരിലുള്ള പെപ്, ഇനി മറ്റൊരു സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള ഒരുക്കത്തിലാണ്. ഒരു രാജ്യാന്തര ടീമിനെ പരിശീലിപ്പിക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് 50-കാരൻ പറയുന്നു.

2016-ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ പെപ്, നിലവിലെ കരാർ അവസാനിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരില്ലെന്നു വ്യക്തമാക്കി. എക്‌സ്.പി ഇൻവെസ്റ്റിമെന്റോസ് മീറ്റിലായിരുന്നു പ്രഖ്യാപനം.

'ഏഴു വർഷമായി ഈ ടീമിനൊപ്പം. ഈ യാത്ര അവസാനിപ്പിക്കാറായെന്നാണ് ഞാൻ കരുതുന്നത്. ഇനിയൊരു ബ്രേക്കെടുക്കണം. എന്തൊക്കെ ചെയ്തുവെന്ന് നോക്കണം, എന്റെ പ്രചോദനങ്ങളെ വിലയിരുത്തണം. അതിനൊപ്പം ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കണം എന്നുണ്ട്. അത് ദക്ഷിണ അമേരിക്കയിലാവാം, യൂറോപ്പിലാവാം, കോപ അമേരിക്ക കളിക്കുന്നതാവാം. ആ അനുഭവവും എനിക്കു വേണം.' - പെപ് പറഞ്ഞു.

അതേസമയം, ബ്രസീൽ കോട്ട് ടിറ്റേയ്ക്ക് പകരക്കാരനാവുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. 'ബ്രസീൽ ദേശീയ ടീമിന്റെ കോച്ച് എല്ലായ്‌പോഴും ബ്രസീലുകാരൻ തന്നെയായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ഒരു വിദേശി ബ്രസീലിനെ പരിശീലിപ്പിക്കുമെന്ന് വിചാരിക്കുന്നില്ല.' ടിറ്റേ പരിശീലിപ്പിക്കുന്ന ബ്രസീൽ ടീം മികച്ചതാണെന്നും അടുത്ത ലോകകപ്പിൽ ബ്രസീലിന് മികച്ച സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts