പൊലീസെത്തിയത് ഏഴാം മിനുറ്റിൽ, ഉന്തും തള്ളും: സാവോപോളയിൽ നാടകീയ രംഗങ്ങൾ
|ആറു മിനുറ്റ് മാത്രമാണ് പന്ത് ഉരുണ്ടത്. ഏഴാം മിനിറ്റിൽത്തന്നെ ബ്രസീൽ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിൽ പ്രവേശിക്കുകയായിരുന്നു. നെയ്മാറും ടിറ്റെയും ലയണൽ മെസ്സിയും ഉൾപ്പെടെയുള്ളവരെല്ലാം മത്സരം തടയാനെത്തിയ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നോക്കിയെങ്കിലും അയഞ്ഞില്ല
ലോകകപ്പ് യോഗ്യതാ മത്സരമാണെങ്കിലും ബ്രസിൽ-അർജന്റീന മത്സരത്തിന് എന്നും വീറും വാശിയുമാണ്. ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ മെസിയും നെയ്മറും ഒരിക്കൽ കൂടി മുഖാമുഖം വരുമ്പോൾ ഗ്രൗണ്ടിൽ തീപാറുമെന്നാണ് ഫുട്‌ബോൾ ആരാധകരെല്ലാം കരുതിയത്. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നു മത്സരം. അർജന്റീനൻ താരങ്ങൾ ക്വാറന്റീൻ ലംഘിച്ചെന്നാരോപിച്ച് ബ്രസീൽ ആരോഗ്യഅധികൃതർ പൊലീസ് അകമ്പടിയോടെ ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു.
ആറു മിനുറ്റ് മാത്രമാണ് പന്ത് ഉരുണ്ടത്. ഏഴാം മിനിറ്റിൽത്തന്നെ ബ്രസീൽ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിൽ പ്രവേശിക്കുകയായിരുന്നു. നെയ്മാറും ടിറ്റെയും ലയണൽ മെസ്സിയും ഉൾപ്പെടെയുള്ളവരെല്ലാം മത്സരം തടയാനെത്തിയ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നോക്കിയെങ്കിലും അയഞ്ഞില്ല. പിന്നാലെയാണ് കളിക്കുന്നില്ലെന്ന് അര്‍ജന്റീന അറിയിക്കുന്നത്. കളത്തിന് പുറത്ത് ഏറെ നേരം സംസാരിച്ച് നോക്കിയിട്ടും തൃപ്തി വരാത്തതിനെ തുടർന്നാണ് അധികൃതർ ഗ്രൗണ്ടിലേക്ക് എത്തുന്നത്. ഗ്രൗണ്ടിൽ അർജന്റീനൻ കളിക്കാരും ബ്രസിൽ അധികൃതർ തമ്മിൽ ഉന്തും തള്ളും കാണാമായിരുന്നു. സഹകളിക്കാർ തന്നെ ഇടപെട്ടാണ് ഇവരെ മാറ്റുന്നതും.
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന അര്‍ജന്റീനയുടെ മൂന്നു താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ആരോഗ്യ വകുപ്പ് മത്സരം തടഞ്ഞത്. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ ഹീറോയായിരുന്ന ഗോൾകീപ്പർ എമിലാനോ മാര്‍ട്ടിനെസ്, എമിലിയാനോ ബ്യുൻഡിയ (ആസ്റ്റൺ വില്ല), ജിയോവനി ലോസെല്‍സോ, ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടനം ഹോട്സ്പർ) എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ബ്രിട്ടനിൽനിന്ന് എത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയിരിക്കണമെന്നാണ് ബ്രസീലിലെ നിയമം. ഈ ചട്ടം നാൽവർ സംഘം ലംഘിച്ചെന്നാണ് ആക്ഷേപം.
സത്യവാങ്മൂലം തെറ്റായി നൽകി, ക്വാറന്റീൻ വ്യവസ്ഥകൾ പാലിച്ചില്ല എന്നീ ആരോപണങ്ങളും അര്‍ജന്റീനയിന്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നു. അതേസമയം രൂക്ഷവിമര്‍ശനമാണ് മെസി നടത്തിയത്. ഞങ്ങൾ മൂന്ന് ദിവസമായി ഇവിടെയുണ്ട്. പിന്നെന്തിനാണ് അവർ മത്സരം തുടങ്ങാൻ കാത്തിരുന്നത്. ഹോട്ടലിൽ വെച്ചോ മറ്റോ ഞങ്ങൾക്ക് ഇതേകുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടാണ്?. അവർ ഇക്കാര്യം വിശദീകരിച്ചിരുന്നുവെങ്കിൽ നേരത്തെ പരിഹാരം കാണാമായിരുന്നു. ഇപ്പോൾ ഇത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്- മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ പരിശീലകനും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്.
അതേസമയം ഈ മത്സരത്തിന്റെ ഭാവി എന്താകും എന്നതിന് വ്യക്തമായ മറുപടിയില്ല. സംഭവത്തെക്കുറിച്ച് മാച്ച് റഫറി, ഫിഫയുടെ അച്ചടക്ക സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന് അനുസരിച്ചായിരിക്കും ഫിഫയുടെ അടുത്ത നീക്കം. എന്നാൽ ബൊളീവിയക്കെതികരായ അടുത്ത മത്സരം കളിക്കാനുള്ള തയ്യാറെടപ്പിലാണ് അർജന്റീന.