'പോർച്ചുഗൽ ടീം ഒരു താരത്തെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്'; ക്രിസ്റ്റ്യാനോയെ ഉന്നമിട്ട് സഹതാരം ജാവോ കാൻസെലോ
|'ഒരു ഫുട്‌ബോൾ കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച പ്രായം 25 നും 32 നും ഇടയിലാണ്'
ലണ്ടൻ: രണ്ട് മാസങ്ങൾക്കിപ്പുറം ജർമ്മനിയിൽ യൂറോ കപ്പ് ആരംഭിക്കാനിരിക്കെ പ്രതീക്ഷയിലാണ് പോർച്ചുഗൽ ടീം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന വൻകരാ പോരാട്ടമെന്ന നിലയിൽ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. പുതിയ പരിശീലകൻ റോബെർട്ടോ മാർട്ടിനസ് യോഗ്യതാ മത്സരങ്ങളിലടക്കം സൂപ്പർതാരത്തെ ടീമിൽ ഉൾപ്പെടുത്തി യൂറോകപ്പിൽ റോണോയുണ്ടാകുമെന്ന സൂചനയും നൽകി കഴിഞ്ഞു.
അതേസമയം, 39കാരനെ പ്രധാന താരമായി അവരോധിക്കുന്നതിനെതിരെ സഹ താരം ജാവോ കാൻസെലോ രംഗത്തെത്തി. 'ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രധാനപ്പെട്ട താരമാണ്. ബാലൺ ഡി ഓറിനായി മെസ്സിയുമായി മത്സരിക്കാൻ 15 വർഷം ചെലവഴിച്ചു. എന്നാൽ ഒരു ഫുട്‌ബോൾ കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച പ്രായം 25 നും 32 നും ഇടയിലാണ്. റോണോ ഞങ്ങൾക്ക് പ്രധാന കളിക്കാരനാണ്, പക്ഷേ പോർച്ചുഗൽ ടീം അങ്ങനെയല്ല. പൂർണ്ണമായും ഒരു താരത്തെ ആശ്രയിച്ചല്ല ടീം നിലനിൽക്കുന്നത്- കാൻസെലോ പ്രതികരിച്ചു.
നേരത്തെ ഖത്തർ ലോകകപ്പിൽ മൊറോക്കോക്കെതിരായ നിർണായക മത്സരത്തിൽ താരത്തെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. നിലവിൽ സൗദി ക്ലബ് അൽ-നസ്ർ താരമായ റൊണാൾഡോ ഗോളടിക്കാനുള്ള തന്റെ മികവ് പോയിട്ടില്ലെന്ന് തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ടോപ് സ്‌കോററായി വെറ്ററൻ താരത്തെ തെരഞ്ഞെടുത്തിരുന്നു. കിലിയൻ എംബാപെ,ഹാരി കെയിൻ, എർലിങ് ഹാളണ്ട് എന്നീ യുവതാരങ്ങളെ പിന്തള്ളിയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ സ്വീഡനെതിരായ സൗഹൃദ മത്സരത്തിൽ നിന്ന് റൊണാൾഡോ,കാൻസലോയടക്കമുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയിരുന്നു. സ്ലൊവേനിയക്കെതിരെയുള്ള മാച്ചിലാകും ഇരുവരും തിരിച്ചെത്തുക.