എവർട്ടണോടും തോൽവി; ലിവർപൂളിനും ക്ലോപ്പിനും മോഹഭംഗം
|ലിവർപൂളിന് എല്ലാം നേടിത്തന്ന യുർഗൻ ക്ലോപ്പിന് കാലം കാത്തുവെക്കുന്നത് ഒന്നുമല്ലാതെ മടങ്ങാനുള്ള വിധിയാണ്. ചരിത്രപ്രാധാന്യമുള്ള മേഴ്സി സൈഡ് ഡെർബിയിൽ എവർട്ടണ് മുന്നിൽ 14 വർഷങ്ങൾക്കിടെ ഇതാദ്യമായി ലിവർപൂൾ വീണു. കളിയുടെ 77 ശതമാനവും പന്ത് കൈയ്യിലിരുന്നിട്ടും ക്ലോപ്പിന്റെ കുട്ടികൾ ഗോളടിക്കാൻ മറന്നുപോയി. മറുവശത്ത് എവർട്ടൺ കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലെടുത്തപ്പോൾ ലിവർപൂളിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്ന പ്രീമിയർ ലീഗിലും മോഹഭംഗം. ഇഞ്ചോടിഞ്ച് സാധ്യതകളുണ്ടായിരുന്ന പ്രീമിയർ ലീഗിലെ കിരീടപ്പോരിൽ ഇനിയുള്ളത് നേരിയ സാധ്യതകൾ മാത്രം. ബാക്കിയുള്ള മത്സരങ്ങൾ വലിയ മാർജിനിൽ വിജയിച്ചാൽ പോലും കിരീടത്തിലെത്താനാകില്ല. ആഴ്സനലും സിറ്റിയും ചുരുങ്ങിയത് രണ്ടുമത്സരങ്ങളിലെങ്കിലും പരാജയപ്പെടണം.
ഉജ്ജ്വലമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ പോയ ഏതാനും ആഴ്ചകളായി എന്താണ് തങ്ങളുടെ ടീമിന് സംഭവിച്ചത് എന്ന ആവലാതിയിലാണ് ലിവർപൂൾ ആരാധകർ. പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും ഗോളുകളുടെ മാലപ്പടക്കം തീർത്ത് മുന്നേറുന്നതിനിയെടെയാണ് എഫ്.എ കപ്പിൽ യുണൈറ്റഡിന് മുന്നിൽ വീണത്. തുടർന്ന് പ്രീമിയർ ലീഗിൽ വിജയിക്കാമായിരുന്ന ഒരു മത്സരം യുനൈറ്റഡിന് മുന്നിൽ സമനിലയാക്കിത്തുലച്ചു. തൊട്ടുപിന്നാലെ ഇറ്റാലിയൻ ലീഗിലെ ആവറേജ് ടീമായ അറ്റ്ലാന്റയോട് ആൻഫീൽഡിൽ കനത്തതോൽവി. സീസണിൽ അമ്പേ നിരാശപ്പെടുത്തിയ ടീമുകളായ ക്രിസ്റ്റൽ പാലസിനോടും എവർട്ടണോടും നാണക്കേട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് യൂറോകപ്പിലെയും പ്രീമിയർ ലീഗിലേയും ഫേവറിറ്റുകളായി എണ്ണപ്പെട്ടിരുന്ന ലിവർപൂൾ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ അപമാനത്തിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു.
ഏറെക്കാലമായി ഫുട്ബോളിലെ ഒരു വസന്തവും തിരിഞ്ഞുനോക്കാതിരുന്ന ആൻഫീൽഡിൽ ആഘോഷരാവുകൾ തിരികെയെത്തുന്നത് 2015ൽ ഡോർട്ട്മുണ്ടിൽ നിന്നും യുർഗൻക്ലോപ്പ് എത്തുന്നതോടെയാണ്. FA Carling Premiership പ്രീമിയർ ലീഗായ ശേഷമുള്ള ആദ്യ കിരീടവും ചാമ്പ്യൻസ്ലീഗും അയാളുടെ മസ്തിഷ്കത്തിലേറി ആൻഫീൽഡിലെത്തി. ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് പ്രഖ്യാപിക്കുമ്പോൾ പ്രീമിയർ ലീഗ് ടേബിളിൽ അഞ്ച്പോയന്റുമായി ലീഡ് ചെയ്യുകയായിരുന്നു റെഡ്സ്. തന്റെ മടക്കം പ്രീമിയർ ലീഗിലെ കിരീടത്തോടെയാകുമെന്ന ക്ലോപ്പിന്റെ പ്രതീക്ഷ കൂടിയാണ് തകർന്നുവീണത്. ഇതുപോലെയാണ് ഇനിയും കളിക്കുന്നതങ്കെിൽ കിരീടപ്പോരിൽ ഒരു ചാൻസും ബാക്കിയുണ്ടാകിെലലനനും എല്ലാവരും കണ്ണാടിയിൽ നോക്കി സ്വന്തം പ്രകടനത്തെ വിലയിരുത്തേണ്ട സമയമാണിതെന്നുമാണ് ക്യാപ്റ്റൻ വാൻഡൈക്ക് പ്രതികരിച്ചത്.
സീസൺ തീരും മുമ്പേ ക്ലോപ്പ് രാജി പ്രഖ്യാപിച്ചത് ടീമിന്റെ എനർജിയെ ഒന്നാകെ ബാധിച്ചുവെന്ന് തോന്നിപ്പിക്കുന്നുണ്ട്. ഒരു ആശാൻ ശിഷ്യൻ ബന്ധത്തിനപ്പുറം കളിക്കാരുടെ തോളിൽ കൈയ്യിട്ടും കൂടെ നിന്നും കളിപഠിപ്പിക്കുന്നതാണ് ക്ലോപ്പിന്റെ ശൈലി. ഫുട്ബോളിനെ പോസിറ്റീവ് ഗെയിമായി സമീപിക്കുന്ന ലിവർപൂളിന് തങ്ങളുടെ ഫിനിഷിങ്ങിലെ പാളിച്ചകളാണ് വിനയാകുന്നത്. ഡാർവിൻ ന്യൂനസ് വലിയ അബദ്ധങ്ങൾ വരുത്തിവെക്കുമ്പോൾ പോയ കാലത്തിന്റെ നിഴലായി മാത്രമാണ് പ്രീമിയം സ്ട്രൈക്കർ സലാഹ് തുടരുന്നത്. ബിൽ ഷാങ്ക്ലിക്ക് ശേഷം ലിവർപൂൾ പരിശീലകരിൽ ഏറ്റവും വാഴ്ത്തപ്പെട്ടയാളാണ് ക്ലോപ്പിനെ പരിഗണിക്കുന്നത്. അതിഗംഭീരമായ യാത്രയപ്പും ക്ലോപ്പിനെ കാത്തിരിക്കുന്നു. പക്ഷേ കൂടുതൽ മനോഹരമായ ഒരു യാത്രയയപ്പ് അദ്ദേഹം അർഹിച്ചിരുന്നു.