ഇഞ്ചുറി ടൈം ഗോളിൽ ടോട്ടനത്തെ സമനിലയിൽ തളച്ച് എവർട്ടൻ
|ബ്രസീലിയൻ താരം റിച്ചാലിസന്റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനം മുന്നിലെത്തിയത്.
ലണ്ടൻ: പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈം ഗോളിൽ ടോട്ടൻഹാമിനെ സമനിലയിൽ തളച്ച് എവർട്ടൻ. 90+4 മിനിറ്റിൽ ബ്രത്ത്‌വൈറ്റിലൂടെയാണ് സ്വന്തം മൈതാനമായ ഹുഡിസൻപാർക്കിൽ ആവേശ സമനില പിടിച്ചത്. ഇതോടെ തരംതാഴ്ത്തൽ ഭീഷണിയും എവർട്ടന് തൽകാലമൊഴിഞ്ഞു.
ബ്രസീലിയൻ താരം റിച്ചാലിസന്റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനം ആദ്യ പകുതിയിൽ മുന്നിലെത്തിയത്. നാലാംമിനിറ്റിലും 41ാം മിനിറ്റിലുമാണ് താരം വലകുലുക്കിയത്. ജാക് ഹാരിസണിലൂടെ 30ാം മിനിറ്റിലാണ് എവർട്ടൻ ആദ്യ ഗോൾ നേടിയത്. സമനിലയോടെ ടോട്ടനം 23 കളിയിൽ നിന്നായി 44 പോയന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.
ടോട്ടനതത്തിന്റെ അതിവേഗ അക്രമണങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം അക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ആതിഥേയർ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ലക്ഷ്യത്തിലേക്ക് അഞ്ചുതവണ എവർട്ടൻ നിറയുതിർത്തു. ആറു ഷോട്ടുകളാണ് ടോട്ടനം അടിച്ചത്. അതേസമയം, നിരവധി അവസരങ്ങളാണ് ടോട്ടനം തുലച്ചത്. ഈ സീസണിൽ ഇതുവരെയായി 90ാം മിനിറ്റിൽ എട്ടുഗോളുകൾ വഴങ്ങിയ ടീം എന്ന നാണക്കേടും ടോട്ടനം നേടി. നാളെ നടക്കുന്ന പ്രീമിയർലീഗ് ത്രില്ലർ പോരാട്ടത്തിൽ ലിവർപൂൾ-ആഴ്‌സനലിനെ നേരിടും.