റമദാനിൽ നോമ്പ് തുറക്കാൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇടവേള നൽകും
|മുഹമ്മദ് സലാഹ്, എൻഗോളോ കാന്റെ, റിയാദ് മഹ്റസ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാര്‍ പലരും കൃത്യമായി വ്രതം എടുക്കുന്നവരാണ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വ്രതം എടുക്കുന്ന കളിക്കാർക്ക് നോമ്പ് തുറക്കാനുള്ള അവസരം കൊടുക്കും. ഇത് സംബന്ധിച്ച നിർദേശം റഫറിമാര്‍ക്ക് ലഭിച്ചു. കളിക്കാരെ നോമ്പ് തുറക്കാൻ അനുവദിക്കണമെന്ന് ലീഗുകളിലുടനീളമുള്ള മാച്ച് ഒഫീഷ്യലുകളോട് അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം അംഗീകരിച്ച് മാച്ച് ഒഫീഷ്യല്‍സിന്റെ നിര്‍ദേശം വന്നത്.
ഈ സമയം താരങ്ങൾക്ക് ലഘു ഭക്ഷണങ്ങളും വെള്ളവും കുടിച്ച് വ്രതം പൂർത്തിയാക്കാൻ ആകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ റമദാന് വ്രതാരംഭം രണ്ട് ദിവസത്തിനുള്ള ആരംഭിക്കും. അതേസമയം മാസപ്പിറ ദൃശ്യമാകാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ചയാണ് വ്രതാരംഭം.
ലിവർപൂളിന്റെ മുഹമ്മദ് സലാഹ്, ചെൽസിയുടെ എൻഗോളോ കാന്റെ, മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാര്‍ പലരും കൃത്യമായി വ്രതം എടുക്കുന്നവരാണ്. രണ്ട് വർഷം മുമ്പ് ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം നോമ്പ് തുറക്കാനായി നിർത്തിവെച്ചിരുന്നു. അതായിരുന്നു പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി നോമ്പ് തുറക്കാനായി മത്സരം നിർത്തിവെച്ച സംഭവം.
ഇതാദ്യമായാണ് നോമ്പ് തുറക്കാനുള്ള അനുമതി ഔദ്യോഗികമായി മാച്ച് ഒഫീഷ്യല്‍സ് നല്‍കുന്നത്. വ്രതം എടുത്ത് കളിക്കുന്നവരെെക്കുറിച്ചുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. അതേസമയം 69 പോയിന്റുമായി ആഴ്സണലാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്റുണ്ട്. ആഴ്സണലിനേക്കാളും ഒരു മത്സരം കുറവാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളവർ.