ജയം തുടർന്ന് ആഴ്സനൽ; വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ സിറ്റി
|ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനായി സിറ്റിയും ആഴ്സനലും തമ്മിലുള്ള ഇഞ്ചോടിഞ്ച്പോര് തുടരുന്നു. കരുത്തരായ ടോട്ടൻഹാം ഉയർത്തിയ വെല്ലുവിളിയെ മറികടന്ന ആഴ്സനൽ 80 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ നോട്ടിങ് ഹാം ഷെയറിനെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി 79 പോയന്റുമായി കടുത്ത വെല്ലുവിളി ഉയർത്തുന്നു. ആഴ്സനൽ 35 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ സിറ്റി ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്. സീസണിൽ ആഴ്സനലിന് മൂന്നും സിറ്റിക്ക് നാലും മത്സരങ്ങൾ ശേഷിക്കുന്നു.
ടോട്ടൻഹാമിന്റെ ഹോംഗ്രൗണ്ടിൽ മൂന്നുഗോളുകൾ നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ആഴ്സനൽ ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ രണ്ടുഗോളുകളുമായി ഉജ്ജ്വലമായി തിരിച്ചുവന്ന ടോട്ടൻഹാം സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും നേടാനായില്ല.
മറുവശത്ത് നോട്ടിങ് ഹാം ഷെയറിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ജോസ്കോ ഗ്വാർഡിയോൾ (32), എർലിങ് ഹാളണ്ട് (71) എന്നിവർ സിറ്റിക്കായി വലകുലുക്കി. മറുവശത്ത് ഗോളാക്കി മാറ്റാമായിരുന്ന അനേകം അവസരങ്ങൾ നോട്ടിങ്ഹാം തുലച്ചതും സിറ്റിക്ക് തുണയായി.വോൾവ്സ്, ഫുൾഹാം, ടോട്ടൻഹാം, വെസ്റ്റ് ഹാം എന്നിവരുമായാണ് സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ. ബേൺസ്മൗത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നിവരാണ് ആഴ്സനലിന് എതിരാളികൾ.