പുറത്ത് കളിക്കുന്നവർ വേണമെന്നില്ല, ഇവിടുള്ളവർ മതി -ബ്രസീൽ പ്രസിഡന്റ്
|റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോളിന് അവരുടേതായ ഒരു സംസ്കാരമുണ്ട്. ഫുട്ബോൾ അക്കാദമികൾക്കും പ്രൊഫഷണൽ ട്രെയിനിങ്ങുകൾക്കും അപ്പുറം തെരുവുകളിലെ സുന്ദരതാളത്തിൽ തളിർത്തുപൊന്തിയ ഒട്ടേറെ താരങ്ങൾ അവർക്കുണ്ട്. തങ്ങളുടെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ബ്രസീലിൽ പ്രതിഭകൾക്ക് ക്ഷാമമൊന്നും സംഭവിച്ചിട്ടില്ല. യൂറോപ്പിലേക്ക് കൂട്ടം കൂട്ടമായി ബ്രസീലിയൻ കൗമാരം പറക്കുന്നുണ്ട്.
പോയവർഷം മാത്രം 2375 കളിക്കാരാണ് യൂറോപ്പിെൻറ കളിമുറ്റങ്ങളിലിറങ്ങിയത്. ബ്രസീലിയൻ താരങ്ങളെ ഉപയോഗപ്പെടുത്തി യൂറാപ്യൻ ക്ലബുകൾ നേട്ടം കൊയ്യുന്നുണ്ട്. ബ്രസീലിയൻ താരങ്ങളെ സുന്ദരമായി ഉപയോഗപ്പെടുത്തുന്ന കാർലോ ആഞ്ചലോട്ടിയും റയൽ മാഡ്രിഡും അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. അതേ സമയം തന്നെ ബ്രസീലിയൻ ക്ലബ് ഫുട്ബോളിെൻറ നിലവാരം അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കുന്നതും കാണാം.
ഇതിനൊരു അറുതി വേണമെന്ന മുറവിളി ഏറെക്കാലമായി ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇക്കുറി ബ്രസീൽ ബ്രസിഡന്റ് സാക്ഷാൽ ലുല ഡി സിൽവ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഒരു റേഡിയോ അഭിമുഖത്തിൽ ലുല പറഞ്ഞതിങ്ങനെ -വിദേശത്ത് കളിക്കുന്നവർ ഒരിക്കലും ഇവിടുള്ളവരേക്കാൾ മികച്ചവരല്ല. പുറത്തുള്ളവരുടെ അതേ ക്വാളിറ്റിയുള്ള കളിക്കാർ ബ്രസീലിൽ തന്നെയുണ്ട്. പുറത്ത് കളിക്കുന്നവർ റൊമാരിയോയും ഗാരീഞ്ചയും ഒന്നുമല്ല. പ്രതിഭയുള്ള ഒരുപാട് കുട്ടികൾ ഇവിടെത്തന്നെയുണ്ട്. ഞാനിത്രയും കാലം പറഞ്ഞുകൊണ്ടിരിക്കുത് തന്നെയാണ് ചിലിക്കെതിരെയുള്ള മത്സരത്തിൽ കണ്ടത് -ലുല പറഞ്ഞു.
കൂടാതെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനെ കണ്ട് സൂപ്പർ താരങ്ങൾക്ക് പിന്നാലെ പോകാതെ പ്രാദേശിക ക്ലബുകളിലെ താരങ്ങളെ ആശ്രയിക്കാനും ലുല നിർദേശം നൽകിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീൽ നേടിയ ഉജ്ജ്വല വിജയമാണ് ഇത്തരമൊരു പ്രസ്താവനക്ക് ലുലയെ പ്രേരിപ്പിച്ചത്. ചിലിക്കെതിരെ ഒരു ഗോൾ പിന്നിട്ട് നിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ചാണ് കാനറികൾ വിലപ്പെട്ട മൂന്നുപോയന്റ് സ്വന്തമാക്കിയത്.വീനീഷ്യസ് ജൂനിയർ അടക്കമുള്ളവരുടെ അഭാവത്തിൽ ബ്രസീലിയൻ ക്ലബായ ബൊട്ടഫോഗോക്കായി ബൂട്ടുകെടുന്ന ഇഗോർ ജീസസും ലൂയിസ് ഹെൻട്രിക്കെയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഏറെക്കാലമായി ബ്രസീലിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഒരു ആവശ്യത്തിനാണ് ലുല തിരികൊളുത്തിയിരിക്കുന്നത്.