'ഫോഴ്‌സാ കൊച്ചി'; സൂപ്പർ ലീഗിൽ പൃഥ്വിരാജ് ഉടമയായ ഫുട്‌ബോൾ ടീമിന് പേരായി
|പോർച്ചുഗീസ് ഭാഷയിൽ മുന്നോട്ട് എന്നാണ് ഫോഴ്‌സാ എന്ന വാക്കിന്റെ അർത്ഥം
കൊച്ചി: കേരളത്തിന്റെ പ്രഥമ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എന്നാണ് പേര് നൽകിയത്. പോർച്ചുഗീസ് ഭാഷയിൽ മുന്നോട്ട് എന്നാണ് ഫോഴ്‌സാ എന്ന വാക്കിന്റെ അർത്ഥം. ഒരു പുതിയ അധ്യായം കുറിക്കാൻ 'ഫോഴ്‌സാ കൊച്ചി'- കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ- പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കൊച്ചി ടീമിന് പേര് വേണമെന്ന് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടത്. പോസ്റ്റിട്ട് മിനിറ്റുകൾക്കകം ആരാധകർ പേരുകൾ നിർദേശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കൊച്ചി രാജാവും കൊച്ചി ടൈറ്റൻസും കൊച്ചി മച്ചാൻസും ടീം ഗില്ലാപ്പിയുമെല്ലാം ആയി കട്ട ലോക്കൽ പേരുകൾ ആരാധകർ നിർദേശിച്ചെങ്കിലും ഒടുവിൽ ഇന്റർനാഷണൽ പേരായ ഫോഴ്‌സാ എഫ്സി കൊച്ചി എന്ന പേരിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമാക്കിയത്.
കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും ഗ്രാസ്‌റൂട്ട് ലെവലിൽ കാൽപന്തുകളിയെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടീമിനെ സ്വന്തമാക്കിയശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന സൂപ്പർ ലീഗ് രണ്ട് മാസം നീണ്ടുനിൽക്കും.കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.