മെസിയുടെ 2021 ബാലൺ ദി ഓർ അഴിമതി കുരുക്കിൽ; സംഘാടകരെ സ്വാധീനിച്ചതായി ആരോപണം, അന്വേഷണം
|നിലവിൽ ഏറ്റവും കൂടുതൽ ബാലൺ ദി ഓർ നേടിയ താരമാണ് 36 കാരൻ.
പാരീസ്: അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസിയുടെ ബാലൺ ദി ഓർ പുരസ്കാരം അഴിമതി കുരുക്കിൽ. 2021 ൽ സ്വന്തമാക്കിയ ഏഴാമത് അവാർഡിനെതിരെയാണ് പരാതിയുയർന്നത്. പുരസ്കാരം മെസിക്ക് നൽകുന്നതിന് വേണ്ടി അന്നത്തെ മെസിയുടെ ക്ലബ്ബായ പി.എസ്.ജി സംഘാടകരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഏറ്റവും കൂടുതൽ ബാലൺ ദി ഓർ നേടിയ താരമാണ് 36കാരൻ. എട്ട് തവണയാണ് അഭിമാനനേട്ടം കൈവരിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വർഷങ്ങളിലാണ് സ്വന്തമാക്കിയത്. ഇതിൽ 2021 നേട്ടം കൈവരിക്കുമ്പോൾ മെസി ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബിലെത്തി മാസങ്ങൾ മാത്രമാണ് പൂർത്തിയായിരുന്നത്. ഫ്രഞ്ച് മാഗസിന് മേൽ മെസിക്കായി അന്ന് പി.എസ്.ജി അധികൃതർ സമ്മർദ്ദം ചെലുത്തിയതായാണ് ആരോപണം. അന്ന് മെസിക്കെതിരെ ശക്തമായി മത്സര രംഗത്തുണ്ടായിരുന്നത് റോബെർട് ലവെൻഡോസ്കിയായിരുന്നു. ബയേൺ മ്യൂണികിനായി മിന്നും പ്രകടനം നടത്തിയ പോളണ്ട് താരത്തെ മറികടന്ന് അവസാന നിമിഷം മെസി അവാർഡിലേക്ക് എത്തുകയായിരുന്നു.
ബോൾ മാഗസിന്റെ അന്നത്തെ പ്രസിഡന്റായ പാസ്കൽ ഫെറെയും പിഎസ്ജിയും തമ്മിൽ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പിഎസ്ജി ക്ലബ്ബിനും മെസിയുടെ ബാലൺ ദി ഓർ പുരസ്കാര നേട്ടത്തിനുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് പോയവർഷം മെസിയെ പുരസ്കാരത്തിലെത്തിച്ചത്. നിലവിലെ കൂടുതൽ ബാലൺ ദി ഓർ നേടിയ താരവും മെസിയാണ്. അഞ്ച് തവണ നേട്ടം കൈവരിച്ച ക്രിസ്റ്റിയാനോ റൊണാൺഡോയാണ് രണ്ടാമത്. 2008,2014,2015, 2016,2017 വർഷങ്ങളിലാണ് പോർച്ചുഗീസ് താരം അവാർഡ് സ്വന്തമാക്കിയത്.