Football
PSG remove Mbappes image from clubs home ground at Parc des Princes
Football

പിഎസ്ജി സ്‌റ്റോറിൽ എംബാപ്പെയുടെ ജേഴ്‌സി വിൽപ്പന നിർത്തി; ഹോം ഗ്രൗണ്ടിൽ നിന്ന് ചിത്രം നീക്കി

Sports Desk
|
9 Aug 2023 2:34 PM GMT

പിഎസ്ജി ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്

പാരിസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പാരിസ് സെൻറ് ജെർമെയ്ൻ വിടുമെന്ന് ഏകദേശം ഉറപ്പായിരിക്കെ ക്ലബിന്റെ ഹോം ഗ്രൗണ്ടായ പാർക് ഡി പ്രിൻസസിൽനിന്ന് താരത്തിന്റെ ചിത്രം നീക്കി. പിഎസ്.ജിയുടെ സറ്റോറുകളിൽ ഇപ്പോൾ താരത്തിന്റെ ജേഴ്‌സി വിൽക്കുന്നുമില്ല. എൽ ഗൊളാസോ ദെ ഗോളാണ് വീഡിയോ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലീഗ് വൺ ഫുട്‌ബോളിന് മുന്നോടിയായി പിഎസ്ജി തിങ്കളാഴ്ച പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ എംബാപ്പെ എത്തിയിരുന്നില്ല. ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. നിലവിൽ താരത്തിന് ഒരു വർഷം കൂടി പിഎസ്ജിയുമായി കരാറുണ്ട്. അടുത്ത വർഷം കരാർ അവസാനിച്ചാൽ ക്ലബ് വിടുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വലിയ തുക മുടക്കി ടീമിലെത്തിച്ച താരം ഫ്രീ ഏജൻറായി പോകുന്നത് ക്ലബിന് വലിയ നഷ്ടമാകും. കരാർ പുതുക്കുകയോ അല്ലെങ്കിൽ ക്ലബ് വിട്ടുപോകുകയോ ചെയ്യണമെന്നാണ് പിഎസ്ജി അധികൃതർ എംബാപ്പെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ, എംബാപ്പെയ്ക്കെതിരായ പകപോക്കൽ നടപടിയിൽ പി.എസ്.ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ താരങ്ങളുടെ യൂനിയൻ രംഗത്ത് വന്നു. താരത്തെ പ്രീസീസൺ ടൂർ സ്‌ക്വാഡിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഷേധം. പി.എസ്.ജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിലെ യൂനിയൻ ഓഫ് പ്രൊഫഷനൽ ഫുട്ബോളേഴ്സ്(യു.എൻ.എഫ്.പി) മുന്നറിയിപ്പ് നൽകിയിരുന്നു.

ശാന്തമായി കളി തുടരാൻ അനുവദിക്കാതെ ബോധപൂർവം മോശം തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ക്ലബെന്നാണ് യു.എൻ.എഫ്.പി ഉയർത്തുന്ന പ്രധാന വിമർശനം. മറ്റിടങ്ങളെപ്പോലെ തന്നെ ഫുട്ബോൾ താരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷമുണ്ടാകേണ്ടതുണ്ട്. ക്ലബ് വിടാനും തങ്ങൾ ആവശ്യപ്പെടുന്നതു സ്വീകരിക്കാനും തൊഴിലാളിക്കുമേൽ ഉടമകൾ സമ്മർദം ചെലുത്തുന്നത് മാനസികപീഡനമാണെന്നും ഇത് ഫ്രഞ്ച് നിയമങ്ങളുടെ ലംഘനമാണെന്നും യൂനിയൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇക്കാര്യങ്ങളെല്ലാം ക്ലബിനെ ഓർമിപ്പിക്കുകയാണ്. ഇതേ പെരുമാറ്റം തുടരുകയാണെങ്കിൽ ഏത് ക്ലബിനെതിരെയും സിവിൽ-ക്രിമിനൽ കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും യു.എൻ.എഫ്.പി അറിയിച്ചു.

ഏഷ്യയിലേക്കുള്ള പ്രീസീസൺ പര്യടനത്തിനുള്ള സ്‌ക്വാഡിൽനിന്ന് കിലിയൻ എംബാപ്പയെ ഒഴിവാക്കിയിരുന്നു. എന്നാൽ, കാരണം പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല. സൂപ്പർ താരം നെയ്മറും അടുത്തിടെ ക്ലബിലെത്തിയ എംബാപ്പെയുടെ സഹോദരൻ എഥാൻ എംബാപ്പെയും സ്‌ക്വാഡിൽ ഇടംനേടിയപ്പോഴാണ് എംബാപ്പെയെ പുറത്തിരുത്തിയത്.

എംബാപ്പെ വഞ്ചിച്ചെന്ന നിലപാടിലാണ് ക്ലബ് ഉടമകൾ. 2024ൽ കാലാവധി തീരുന്നതോടെ കരാർ പുതുക്കില്ലെന്ന വിവരം ജൂൺ 12നാണ് താരം ക്ലബിനെ അറിയിച്ചത്. ഇതിനു പിന്നാലെ റയൽ മാഡ്രിഡുമായി എംബാപ്പെ ചർച്ച നടത്തിയതായും ക്ലബ് വൃത്തങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഫ്രീ ഏജന്റായി ടീമിലെത്താമെന്ന ധാരണയിലെത്തിയതായാണ് വിവരം. ഫ്രീ ഏജന്റായി ടീം വിടില്ലെന്ന് എംബാപ്പെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം പി.എസ്.ജി വിശ്വസിക്കുന്നില്ല. തങ്ങളെ അറിയിക്കാതെ രഹസ്യമായി റയലുമായി ധാരണയിലെത്തിയതായാണ് ക്ലബ് കരുതുന്നത്. ഇതെല്ലാം ക്ലബിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പെട്ടെന്നുള്ള നീക്കത്തിലേക്ക് ക്ലബിനെ നയിച്ചതും ഇതുതന്നെയാണെന്നാണ് സൂചന.

അതിനിടെ, താരത്തെ ലക്ഷ്യമിട്ട് സൗദി ക്ലബുകളും രംഗത്തുണ്ട്. നേരത്തെ മെസിയെ സ്വന്തമാക്കാൻ നീക്കം നടത്തിയ അൽഹിലാൽ തന്നെയാണ് എംബാപ്പെയ്ക്കും പിന്നാലെയുള്ളത്. ഹിലാൽ വൃത്തങ്ങൾ പി.എസ്.ജിയുമായി ചർച്ച നടത്തിയതായി സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിരുന്നു.

PSG remove Mbappe's image from club's home ground at Parc des Princes

Similar Posts