Football
Football
തുടർച്ചയായ മൂന്നാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇറാൻ
|28 Jan 2022 4:22 PM GMT
ആതിഥേയരായ ഖത്തറിനെ മാറ്റി നിർത്തിയാൽ ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ ടീമുകൂടിയാണ് ഇറാൻ.
ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 14 ആയി. ഇറാനാണ് യോഗ്യത നേടിയ പുതിയ ടീം. ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇറാൻ യോഗ്യത നേടിയത്.
ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ മൂന്നാം റൗണ്ടിൽ ഏഴിൽ ആറും മത്സരവും ജയിച്ചാണ് ഇറാൻ യോഗ്യത ഉറപ്പാക്കിയത്. 19 പോയിന്റാണ് ഇറാനുള്ളത്. ഗ്രൂപ്പ് എയിൽ 17 പോയിന്റുള്ള ദക്ഷിണ കൊറിയയാണ് രണ്ടാമത്. മൂന്നാമതുള്ള യുഎഇ ബഹുദൂരം പിന്നിലായതിനാൽ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ഇറാൻ യോഗ്യത ഉറപ്പിക്കുകയായിരുന്നു.
ആതിഥേയരായ ഖത്തറിനെ മാറ്റി നിർത്തിയാൽ യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ ടീമുകൂടിയാണ് ഇറാൻ. തുടർച്ചയായ മൂന്നാംതവണയാണ് ഇറാൻ യോഗ്യത നേടുന്നത്. ലോകകപ്പിൽ ഇതിന് മുമ്പ് അഞ്ച് തവണയാണ് ഇറാനികൾ പന്ത് തട്ടിയത്.