പി.എസ്.ജിക്കു ശേഷം ലിവർപൂളിനെയും സ്വന്തമാക്കാൻ ഖത്തർ; വമ്പന് പ്രഖ്യാപനം ഉടൻ
|ലിവർപൂളിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം അടക്കമുള്ള വമ്പന്മാരെയും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
ദോഹ: ഫ്രഞ്ച് ഫുട്ബോൾ കരുത്തരായ പി.എസ്.ജിക്കു ശേഷം യൂറോപ്യൻ മുൻനിര ക്ലബുകളെയും വലയിലാക്കാൻ ഖത്തർ. ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം അടക്കമുള്ള വമ്പന്മാരെ സ്വന്തമാക്കാനാണ് ഖത്തറിൻരെ നീക്കം. ലിവർപൂളിനാണ് ഖത്തർ പ്രഥമ പരിഗണന നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ലിവർപൂൾ, ടോട്ടനം ഉടമകളുമായി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്(ക്യു.എസ്.ഐ) ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസമാണ് ലിവർപൂൾ, യുനൈറ്റഡ് ലേലം നടക്കാനിരിക്കുന്നത്. ഖത്തർ വൃത്തങ്ങൾ ചർച്ച ആരംഭിച്ചിട്ടുണ്ടെങ്കിലും കരാർ തുക ഇതുവരെ അന്തിമമായിട്ടില്ല. ചർച്ചയെക്കുറിച്ച് ഇതുവരെ ലിവർപൂൾ പ്രതികരിച്ചിട്ടുമില്ല. ക്യു.എസ്.ഐ ചെയർമാനും പി.എസ്.ജി പ്രസിഡന്റുമായ നാസർ അൽഖലൈഫി കഴിഞ്ഞയാഴ്ച ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ ക്ലബ് നിഷേധിച്ചിട്ടുണ്ട്. ലിവർപൂളിനോടാണ് ഖത്തറിനു കൂടുതൽ പ്രിയമെന്നാണ് അറബ് മാധ്യമപ്രവർത്തകനായ മുഹമ്മദ് സഈദ് അൽകഅബിയെ ഉദ്ധരിച്ച് 'എക്സ്പ്രസ്' അടക്കമുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ നവംബറിൽ ലിവർപൂൾ ഉടമകൾ ക്ലബിൽ നിക്ഷേപകരെ ക്ഷണിച്ചിരുന്നു. മികച്ച ഓഫർ ലഭിച്ചാൽ ക്ലബിനെ പൂർണമായി വിൽക്കാനും തയാറാണെന്ന് ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്(എഫ്.എസ്.ജി) അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഖത്തർ ക്ലബിനെ സ്വന്തമാക്കാൻ നീക്കം ആരംഭിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമക്കുകയാമെന്നും വരുംദിവസങ്ങളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
2021ന്റെ തുടക്കത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ റെഡ്ബേഡ് കാപിറ്റൽ ഫെൻവേയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ റെഡ്ബേഡ് ലിവർപൂൾ സ്വന്തമാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പിന്നീടാണ് സീരീ എ കരുത്തരായ എ.സി മിലാനെ കമ്പനി സ്വന്തമാക്കിയത്.
2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോർജ് ഗില്ലെറ്റിൽനിന്ന് എഫ്.എസ്.ജി ലിവർപൂളിനെ വാങ്ങുന്നത്. 300 മില്യൻ പൗണ്ട് മുടക്കിയായിരുന്നു കമ്പനി ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. നാല് ബില്യൻ പൗണ്ട് ലഭിക്കുകയാണെങ്കിൽ എപ്.എസ്.ജി ക്ലബ് വിൽക്കാൻ ഒരുക്കമാണെന്നാണ് അറിയുന്നത്.
Summary: The Qatar Sports Investment is 'seriously interested' in Liverpool takeover: Report