ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ഒരു വര്‍ഷം
|80 ശതമാനം തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ടൂര്‍ണമെന്‍റിനായിഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ഒരു വര്‍ഷം മാത്രം. ഒരു വര്‍ഷം ബാക്കി നില്‍ക്കെ തന്നെ 80 ശതമാനം തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ടൂര്‍ണമെന്‍റിനായി ഒരുങ്ങിക്കഴിഞ്ഞു ഖത്തര്‍. ദോഹ കോര്‍ണീഷില്‍ സ്ഥാപിക്കുന്ന കൌണ്ട്ഡൌണ്‍ ക്ലോക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ന് രാത്രി അനാച്ഛാദനം ചെയ്യും
ഒരു വര്‍ഷം ബാക്കി നില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും തയ്യാറായിക്കഴിഞ്ഞു. കിക്കോഫ് നടക്കേണ്ട അല്‍ ബെയ്ത്തും കണ്ടെയ്നറുകള്‍ കൊണ്ടുണ്ടാക്കിയ 974 സ്റ്റേഡിയവും ഈ മാസാവസാനം നടക്കുന്ന അറബ് കപ്പിന് വേദിയാക്കി അനാച്ഛാദനം ചെയ്യും. ഒന്നൊഴികെ എല്ലാ സ്റ്റേഡിയങ്ങളിലേക്കും മെട്രോ സര്‍വീസും റോഡ് ഗതാഗതവും സജ്ജമാക്കി. പ്രതീക്ഷിക്കപ്പെടുന്ന ഒരു മില്യണിലേറെ കാണികള്‍ക്കുള്ള താമസസൌകര്യങ്ങളൊരുക്കലും അന്തിമഘട്ടത്തിലാണ്.
വിപുലമായ പരിപാടികളാണ് ഒരു വര്‍ഷ കൌണ്ട്ഡൌണ്‍ ആരംഭത്തോടനുബന്ധിച്ച് ഖത്തര്‍ സുപ്രീം കമ്മിറ്റി ഇന്ന് ദോഹ കോര്‍ണീഷില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11നാണ് കൌണ്ട്ഡൌണ്‍ ക്ലോക്ക് അനാച്ഛാദനം ചെയ്യുന്നത്. തുടര്‍ന്ന ഡ്രോണ്‍ ഷോ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറും. വിശിഷ്ടാതിഥികള്‍ക്ക് മാത്രം പ്രവേശനമുള്ള ചടങ്ങ് ഫിഫയുടെ യൂട്യൂബ് ചാനലായ ഫിഫ ടിവി വഴിയും സുപ്രീം കമ്മിറ്റിയുടെ ഖത്തര്‍ 2022.qa വെബ്സൈറ്റ് വഴിയും തത്സമയം ജനങ്ങളിലേക്കെത്തിക്കും.