Football
വേദനയുണ്ട്, പക്ഷെ...  യൂറോ കപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി റാമോസ്
Football

"വേദനയുണ്ട്, പക്ഷെ... " യൂറോ കപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി റാമോസ്

Web Desk
|
25 May 2021 1:16 PM GMT

റാമോസിനു പകരം ബാഴ്‌സലോണ താരം ബുസ്‌ക്വറ്റ്‌സാണ് യൂറോയിൽ സ്‍പെയിന്‍ ടീമിനെ നയിക്കുക.

യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ഒഴിവാക്കിയത് വേദനയുണ്ടാക്കുന്ന കാര്യമാണെങ്കിലും തിരിച്ചു വരുമെന്ന് സെർജിയോ റാമോസ്. ഫിറ്റ്നസ് മുഴുവനായും വീണ്ടെടുക്കാത്തതിന്റെ പേരിലാണ് എൻറിക്വ യൂറോ കപ്പിനുള്ള ഇരുപതിനാലംഗ സ്‌ക്വാഡിൽ നിന്നും തഴഞ്ഞത്. റാമോസിനു പകരം ബാഴ്‌സലോണ താരം ബുസ്‌ക്വറ്റ്‌സാണ് യൂറോയിൽ സ്‍പെയിന്‍ ടീമിനെ നയിക്കുക. ജനുവരിയിൽ കാൽമുട്ടിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം റയലിനു വേണ്ടി രണ്ടു മത്സരങ്ങൾ മാത്രം കളിച്ച റാമോസ് ഇൻസ്റ്റാഗ്രാമിലാണ് താൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ചത്.

"വളരെയധികം തിരിച്ചടി നേരിട്ട ഏതാനും മാസങ്ങൾ, എന്റെ കരിയറിൽ തന്നെ ഞാൻ അനുഭവിച്ചതിൽ ഏറ്റവും അസാധാരണമായൊരു സീസണും ശേഷമാണ് യൂറോ കപ്പ് വരുന്നത്. ഞാൻ കഠിനാധ്വാനം ചെയ്യുകയും എന്റെ മനസും ശരീരവും റയൽ മാഡ്രിഡിനും ദേശീയ ടീമിനും വേണ്ടി നൂറു ശതമാനം തയ്യാറാക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും കാര്യങ്ങൾ ഞാൻ ആഗ്രഹിച്ചതു പോലെ നടന്നില്ല. സ്പെയിന് വേണ്ടി കളിക്കാൻ കഴിയാത്തതിലും എന്റെ സഹതാരങ്ങളെ സഹായിക്കാനാവാത്തതിലും എനിക്ക് വേദനയുണ്ട്. എന്നാൽ ഈ സമയത്ത് വിശ്രമം സ്വീകരിച്ച് മുഴുവൻ ഫിറ്റ്നസും വീണ്ടെടുത്ത് അടുത്ത സീസണിൽ തിരിച്ചു വരികയാണ് നല്ലത്. രാജ്യത്തിനു വേണ്ടി കളിക്കാനാവാത്ത ദുഃഖകരമാണെങ്കിലും നമ്മൾ ആത്മാർത്ഥമായി തന്നെ കാര്യങ്ങൾ ചെയ്യണം. എല്ലാവർക്കും അഭിവാദ്യങ്ങൾ വിവ എസ്പാന, ഹലാ മാഡ്രിഡ്." റാമോസ് കുറിച്ചു.

പതിനേഴു വർഷത്തോളമായി സ്‌പെയിൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന സെർജിയോ റാമോസിനു 2004ലെ യൂറോയും നഷ്ടപ്പെട്ടിരുന്നു. 180 മത്സരങ്ങൾ സ്പെയിന് വേണ്ടി കളിച്ച താരം 23 ഗോളും രണ്ടു യൂറോ കപ്പും ഒരു ലോകകപ്പും നേടിയിട്ടുണ്ട്.

ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെയാണ് യൂറോ കപ്പിനുള്ള 24 അംഗ ടീമിനെ സ്പാനിഷ് ടീമിനെ പരിശീലകന്‍ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ചത്. അടുത്ത മാസമാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. അടുത്തിടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച ഫ്രാന്‍സില്‍ നിന്നുള്ള പ്രതിരോധതാരം അയ്‌മെറിക് ലാപോര്‍ട്ടെ ടീമിലിടം നേടി. ഡേവിഡ് ഡി ഹിയ, ജോര്‍ഡി ആല്‍ബ, സെസാര്‍ അസ്പിലിക്യൂവേറ്റ, അല്‍വാരോ മൊറാത്ത, തിയാഗോ അല്‍കാന്‍ട്ര തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമില്‍ ഇടം കണ്ടെത്തി. കൊവിഡ് മുന്‍നിര്‍ത്തി ഒരു ടീമില്‍ 26 അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള അനുവാദമുണ്ടായിരുന്നു. എന്നാല്‍ മുന്‍ ബാഴ്‌സലോണ കോച്ചായ എന്റിക്വെ 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

Similar Posts