Football
ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ
Football

ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ

Sports Desk
|
25 Sep 2024 11:08 AM GMT

പാരിസ് : ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.പരിക്കിനെത്തുടർന്നാണ് 31 കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഈ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബായ കോമോയിലേക്ക് മാറിയതിന് പിന്നാലെയാണ് വരാനെയുടെ തീരുമാനം.കോമോയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്നാണ് വൈകാരിക കുറിപ്പിലൂടെ വരാനെ തന്റെ വിരമരക്കൽ പ്രഖ്യാപനം നടത്തിയത്.

"എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമെന്നാണ് പറയാറുള്ളത്. എൻ്റെ കരിയറിൽ ഞാൻ ഒരുപാട് വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ട്, അവസരത്തിനൊത്ത് ഉയരാൻ ശ്രമിച്ചിട്ടുണ്ട്. വൈകാരികാനുഭൂതികളും ഓർമകളും പ്രത്യേക നിമിഷങ്ങളും ജീവിതത്തിലുടനീളം അവശേഷിക്കും. നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഈ കളിയിൽ നിന്ന് തികഞ്ഞ അഭിമാനബോധ​ത്തോടെയും സംതൃപ്തിയോടെയും വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു. " - വരാനെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ സീസണിലും പരിക്കുകൾ താരത്തെ വേട്ടയാടിയിരുന്നു.ഇംഗ്ലീഷ് വമ്പൻമാർക്കൊപ്പം പതിനൊന്ന് മത്സരങ്ങളാണ് വരാനെയ്ക്ക് നഷ്ടമായത്. ഫ്രഞ്ച് ക്ലബായ ലെൻസിൽ നിന്നും 2011ൽ റയൽ മാഡ്രിഡിലെത്തിയ താരം 236 മത്സരങ്ങൾ കളിക്കുകയും മൂന്ന് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടുകയും ചെയ്തിരുന്നു. തുടർന്ന് ഓൾഡ് ട്രാഫോഡിലെത്തിയ താരം 68 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കുപ്പായമിട്ടു. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അംഗമായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും താരം നേര​ത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Similar Posts