മാഡ്രിഡ് ഡർബിയിൽ റയൽ കരുത്ത്; സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ
|ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ബാഴ്‌സലോണ-ഒസാസുനയെ നേരിടും
റിയാദ്: എട്ട് ഗോൾ പിറന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ. മാഡ്രിഡ് ഡർബിയിൽ 5-3നാണ് വിജയം സ്വന്തമാക്കിയത്. മുഴുവൻ സമയവും ഇരുടീമുകളും 3-3 സമനില പാലിച്ചതിനെ തുടർന്ന് അധിക സമയത്താണ് വിജയിയെ നിർണയിച്ചത്. പ്രതിരോധതാരം അന്റോണിയോ റൂഡിഗർ(20), ഫെർലാൻഡ് മെൻഡി(29), ഡാനി കാർവഹാൽ(85), ജോസെലു(116), ബ്രഹിം ഡയസ്(120+2) എന്നിവരാണ് ഗോൾനേടിയത്. അത്‌ലറ്റികോ മാഡ്രിഡിനായി മരിയോ ഹെർമോസ്(6), അന്റോണിയോ ഗ്രിസ്മാൻ(37) എന്നിവർ ലക്ഷ്യം കണ്ടു. അന്റോണിയോ റൂഡ്രിഗർ(78) സെൽഫ് ഗോളും വഴങ്ങി. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ബാഴ്‌സലോണ-ഒസാസുനയെ നേരിടും. ബാഴ്‌സ വിജയിച്ചാൽ വീണ്ടുമൊരു എൽക്ലാസികോയ്ക്കാണ് സൂപ്പർകപ്പ് ഫൈനലിൽ വഴിയൊരുങ്ങുക.
Pole. pic.twitter.com/JDMYNbP8eY
— Real Madrid C.F. (@realmadrid) January 10, 2024
റയൽ മാഡ്രിഡിനെ ഞെട്ടിച്ച് കളിയുടെ തുടക്കത്തിൽ ലീഡെടുത്താണ് അത്‌ലറ്റികോ മുന്നേറിയത്. മരിയോ ഹെർമോസിലൂടെ ആറാം മിനിറ്റിൽ റയൽവലകുലുക്കി. എന്നാൽ അന്റോണിയോ റൂഡ്രിഗറിലൂടെ 20ാം മിനിറ്റിൽ റയൽ മറുപടി നൽകി. ഒൻപത് മിനിറ്റിന് ശേഷം ഫെർലാൻഡ് മെൻഡിയിലൂടെ ലീഡുയർത്തി. എന്നാൽ 37ാം മിനിറ്റിൽ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനിലൂടെ സമനില പിടിച്ചതോടെ മാഡ്രിഡ് ത്രില്ലറിയേക്ക് മത്സരം വഴിമാറി.
രണ്ടാംപകുതിയിലും ഇരുടീമുകളും അക്രമണ, പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ കാണികൾക്ക് മികച്ചൊരു ഫുട്‌ബോൾ വിരുന്നായി. 78ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറിന്റെ സെൽഫ് ഗോളിൽ അത്‌ലറ്റികോ വീണ്ടും ലീഡ് പിടിച്ചു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ ഡാനി കാർവഹാലിലൂടെ റയൽ സമനില സ്വന്തമാക്കി മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീട്ടി. എന്നാൽ എക്‌സ്ട്രാ ടൈമിൽ രണ്ട് കൂടി കുറിച്ച് റയൽ മറ്റൊരു ഫൈനലിലേക്ക് കൂടി മാർച്ച് ചെയ്തു.