പരിക്ക്, സൂപ്പർ താരം മൂന്നാഴ്ച പുറത്ത്; റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി
|ജിറോണ എഫ്.സിക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകളുമായി ബെല്ലിങ്ഹാം മികച്ച പ്രകടനമാണ് നടത്തിയത്.
മാഡ്രിഡ്: ജിറോണ എഫ്.സിക്കെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റ റയൽമാഡ്രിഡ് യുവ താരം ജൂഡ് ബെല്ലിങ്ഹാം മൂന്നാഴ്ച പുറത്ത്. മാർച്ച് ഏഴിന് ചാമ്പ്യൻസ് ലീഗിൽ ജർമൻ ക്ലബ് ലെയ്പ്‌സിങിനെതിരായ മാച്ചിലേക്കാകും ഇംഗ്ലീഷ് താരം മടങ്ങിയെത്തുകയെന്ന് റയൽ മാഡ്രിഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. നേരത്തെ പരിക്ക്കാരണം റയൽ പ്രതിരോധ താരം അന്റോണിയോ റൂഡിഗറും വിശ്രമത്തിലാണ്. ജിറോണ എഫ്.സിക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകളുമായി ബെല്ലിങ്ഹാം മികച്ച പ്രകടനമാണ് നടത്തിയത്.
നിലവിൽ ലാലീഗയിൽ കിരീടപോരാട്ടത്തിൽ മുന്നിലുള്ള ടീമുകളാണ് ജിറോണയും റയലും. ജയത്തോടെ രണ്ടാമതുള്ള ജിറോണയായുള്ള പോയന്റ് വ്യത്യാസം അഞ്ചാക്കി ഉയർത്താനും റയലിനായി. ആറാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെയാണ് അൻസലോട്ടി സംഘം മുന്നിലെത്തിയത്. 35,54 മിനിറ്റുകളിലാണ് ബെല്ലിങ്ഹാം വലകുലുക്കിയത്. 61ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ ഗോൾ നേട്ടം മൂന്നാക്കി. റയൽ അക്രമണത്തിന് മുന്നിൽ ജിറോണക്ക് മറുപടിയൊന്നുമുണ്ടായില്ല.
നിലവിൽ ലാലീഗയിൽ ഗോൾ വേട്ടക്കാരിൽ ഒന്നാമതാണ് ബെല്ലിങ്ഹാം. ഇതുവരെ പതിനാറു ഗോളുകളാണ് 20 കാരൻ സ്വന്തമാക്കിയത്. എല്ലാ ചാമ്പ്യൻഷിപ്പുകളിൽ നിന്നുമായി 20 ഗോളുകളാണ് സ്‌കോർ ചെയ്തത്. ഈ സീസണിലാണ് ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് വൻതുകയിൽ യുവതാരത്തെ റയൽ കൂടാരത്തിലെത്തിച്ചത്. നിർണായക മത്സരങ്ങളിൽ ഗോളടിച്ചും അസിസ്റ്റ് നൽകിയും സ്പാനിഷ് ക്ലബിനായി മികച്ച ഫോമിലാണ് ജൂഡ് ബെല്ലിങ്ഹാം.