റയലിനായി കളത്തിലിറങ്ങും മുൻപ് എംബാപെ ഹിറ്റ്; ജൂഡിനെ മറികടന്ന് തേരോട്ടം
|റയലിൽ ക്രിസ്റ്റ്യാനോയും ബെൻസേമയും ധരിച്ചിരുന്ന ഒൻപതാം നമ്പർ ജഴ്സിയിലാണ് താരം കളത്തിലിറങ്ങുക
മാഡ്രിഡ്: റയൽ മാഡ്രിഡിനൊപ്പം കളത്തിലിറങ്ങും മുൻപെ തരംഗമായി ഫ്രഞ്ച് താരം കിലിയൻ എംബാപെ. കഴിഞ്ഞ ദിവസമാണ് ഹർഷാരവങ്ങൾക്ക് നടുവിൽ 25 കാരനെ സാന്റിയാഗോ ബെർണാബ്യുവിയിൽ അവതരിപ്പിച്ചത്. പി.എസ്.ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് റയലിന്റെ ഭാഗമായത്. വിനീഷ്യസ് ജൂനിയറിലും ജൂഡ് ബെല്ലിങ്ഹാമിനുമൊപ്പം എംബാപെ കൂടി ചേരുന്നതോടെ വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ കൂട്ടുകെട്ടായി മാറുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത സീസണിൽ കാർലോ അൻസലോട്ടിയുടെ ടീം ഫോർമേഷൻ എങ്ങനെയാകുമെന്നതും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ കളത്തിലിറങ്ങും മുൻപ് ഫ്രഞ്ച് താരം തേരോട്ടം നടത്തിയിരിക്കുന്നു. പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സൂപ്പർ താരം കരിം ബെൻസേമ എന്നിവർ അണിഞ്ഞ ഒൻപതാം നമ്പർ ജഴ്സിയാണ് യുവതാരം ധരിക്കുന്നത്. ലോസ് ബ്ലാങ്കോസിന്റെ തട്ടകത്തിൽ താരത്തെ അവതരിപ്പിച്ച് ദിവസങ്ങൾക്കകം ജഴ്സിയിൽ റെക്കോർഡ് വിൽപനയാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂഡ് ബെല്ലിങ്ഹാം റയലിലെത്തിയപ്പോഴുണ്ടായ ജഴ്സി വിൽപന റെക്കോർഡ് മറികടന്നതായും പ്രചരണമുണ്ട്. റയലിൽ ഇതിഹാസ താരം സിനദിൻ സിദാൻ അണിഞ്ഞ അഞ്ചാം നമ്പർ ജഴ്സിയാണ് ജൂഡിന് നൽകിയിരുന്നത്.
അഞ്ചു വർഷ കരാറിലാണ് ഫ്രാൻസ് നായകൻ റയലുമായി കരാറിലെത്തിയത്. ക്ലബിന്റെ പ്രീസീസൺ മത്സരത്തിൽ താരം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ജൂലൈ 31ന് എ.സി മിലാനെതിരെയാണ് സീസണിലെ ആദ്യ സൗഹൃദ മത്സരം. അതിന് ശേഷം ഓഗസ്റ്റ് 14ന് യുവേഫ സൂപ്പർ കപ്പിലും റയൽ കളത്തിലിറങ്ങും. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും നേർക്കുനേർ ഏറ്റുമുട്ടുന്ന ആവേശ പോരിൽ ഇറ്റാലിയൻ ക്ലബ് അത്ലാന്റയാണ് എതിരാളികൾ.