Football
വമ്പന്മാരുടെ പോരാട്ടത്തില്‍ ത്രില്ലര്‍ സമനില
Football

വമ്പന്മാരുടെ പോരാട്ടത്തില്‍ ത്രില്ലര്‍ സമനില

Web Desk
|
10 April 2024 3:49 AM GMT

മറ്റൊരു മത്സരത്തില്‍ ആഴ്സനലിന്റെ ഹോ ഗ്രൌണ്ടില്‍ ബയേണ്‍ സമനില പിടിച്ചു

മാഞ്ചസ്റ്റർ സിറ്റി - റയല്‍ മാഡ്രിഡ് മത്സരത്തേക്കാൾ മികച്ച ചാമ്പ്യന്‍സ് ലീഗ് പോരാട്ടം സമീപകാലത്ത് ഉണ്ടാകുമോ? ഫുട്ബോളിന്റെ അനിശ്ചിതത്വങ്ങളും വന്യമായ സൌന്ദര്യവും ഒത്തു ചേര്‍ന്ന മത്സരമായിരുന്നു ബെര്‍ണബ്യൂവില്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കണ്ടത്. ആറ് ഗോളുകള്‍ കണ്ട അവിസ്മരണീയമായ ആദ്യപാദത്തിനെ തുടര്‍ന്ന് എത്തിഹാദില്‍ നടക്കുന്ന സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം ഫുട്ബോള്‍ പ്രേമികള്‍ക്കായി എന്തൊക്കെ ഒളിപ്പിച്ചിരിക്കുന്നു എന്നതിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

ബെർണാഡോ സിൽവ സിറ്റിക്ക് കളിയുടെ ആദ്യഘട്ടത്തിൽ ലീഡ് നൽകിയതിന് ശേഷം എഡ്വേർഡോ കാമവിംഗയും റോഡ്രിഗോയും ചേർന്ന് മാഡ്രിഡിനെ 2-1ന് മുന്നിലെത്തിച്ചു. ഫിൽ ഫോഡൻ്റെയും ജോസ്‌കോ ഗ്വാർഡിയോളിൻ്റെയും ഗംഭീരമായ ഗോളുകൾ കളിയെ തലകീഴായി മാറ്റി. ഫെഡറിക്കോ വാൽവെർഡെ കാര്യങ്ങൾ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. ഇന്നലത്തെ കളിയെ ഇങ്ങനെ ചുരുക്കി പറയാം.

ഒരു പരിശീലനകനും ആഗ്രഹിക്കാത്ത തരത്തിലുള്ള തുടക്കമായിരുന്നു മത്സരത്തിലേത്. മാഡ്രിഡ് ഗോൾകീപ്പർ ആൻഡ്രി ലുനിന്റെ മോശം പൊസിഷനിംഗ്, ദുർബലമായ കൈ എന്നിവയെ ചൂഷണം ചെയ്ത് ബെർണാഡോ സിൽവ നേരിട്ടുള്ള ഫ്രീകിക്കിലൂടെ സന്ദർശകർക്ക് ലീഡ് നേടി കൊടുത്തു. 108 സെക്കൻഡിൽ നേടിയ ഗോള്‍ ബെർണബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങളില്‍ മാഡ്രിഡ് ഇതുവരെ വേഗത്തില്‍ വഴങ്ങിയ രണ്ടാമത്തെ ഗോളായിരുന്നു. എന്നാല്‍ ഇത്തരം അവസരങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കരായ റയല്‍ മാഡ്രിഡ് പന്ത് കൈവശം വെക്കുകയും യോജിച്ച അവസരത്തില്‍ കാമവിംഗ 23 മീറ്റർ അകലെ നിന്ന് തൊടുത്ത ഷോട്ട് റൂബന്‍ ഡിയാസിന്റെ കാലില്‍ തട്ടി ഗോളാകുകയും ചെയ്തു.

സിറ്റിയുടെ റൈറ്റ് ബാക്ക് മാനുവൽ അകാൻജിക്ക് പിന്നിൽ സ്ലൈഡുചെയ്ത് വിനീഷ്യസ് ജൂനിയർ റോഡ്രിഗോക്ക് പന്ത് നല്‍കുമ്പോള്‍ ആദ്യ ​ഗോളാഘോഷം കഴിഞ്ഞ് റയല്‍ മാഡ്രിഡ് ആരാധകര്‍ ഇരുന്നിട്ടുണ്ടായിരുന്നില്ല. ബ്രസീലിയൻ താരത്തിൻ്റെ ആദ്യ ഷോട്ട് ഒർട്ടേഗയ്ക്ക് പ്രതികരിക്കാൻ അവസരം നൽകിയില്ല. സ്കോര്‍ 2-1. റോഡ്രിഗോയുടെ ഷോട്ടും അകാൻജിയുടെ കാലിൽ തട്ടിയാണ് വലയിലേക്കുള്ള പോയത്. ബെർണബ്യൂവിൽ സിറ്റിക്കെതിരെ മാഡ്രിഡിന് മുമ്പും ‘റെമോണ്ടഡാസ് എക്സ്പ്രെസ്’ സംഭവിച്ചിട്ടുണ്ട്. 2021-22 ൽ 89 സെക്കൻഡിൽ രണ്ട് ഗോളുകളും ഈ കളിയില്‍ 113 സെക്കൻഡിൽ രണ്ട് ഗോളുകളും. 2021-22 സീസണിൽ ബെർണബ്യൂവിൽ റോഡ്രിഗോയുടെ പ്രകടനം ഗാർഡിയോളയുടെ ടീമിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകും. 68 മിനിറ്റുകൾക്ക് ശേഷം കളത്തിലിറങ്ങിയ ബ്രസീലിയൻ താരം രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി സിറ്റിയെ ഞെട്ടിച്ചുകൊണ്ട് 3-1 ന് വിജയിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി.

67ാം മിനുട്ടിൽ ഫിൽ ഫോഡന്റെ കിടിലൻ ഷോട്ട് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുത്തു. ഡ്രാമ അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല. 71ആം മിനുട്ടിൽ ഗ്വാർഡിയോളിന്റെ റോക്കറ്റ് ഷോട്ട് റയൽ വലയിൽ പതിച്ചു. 79ആം മിനുട്ടിക് വിനീഷ്യസിന്റെ പാസിൽ നിന്ന് വാൽവെർദെയുടെ വോളിയിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു. ഏപ്രിൽ 18നാണ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന രണ്ടാം പാദ മത്സരം.

മറ്റൊരു മത്സരത്തില്‍ ആഴ്സനലിന്റെ ഹോ ഗ്രൌണ്ടില്‍ ബയേണ്‍ സമനില പിടിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ലഭിച്ച മികച്ച തുടക്കം ആഴ്സണലിന് മുതലെടുക്കാനായില്ല. 12ആം മിനുട്ടിൽ ബെൻ വൈറ്റിന്റെ അസിസ്റ്റിൽ നിന്ന് ബുകായോ സാക ആഴ്സണലിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ 18ആം മിനുട്ടിൽ ഗൊരെറ്റ്സ്ക നൽകിയ പാസിൽ നിന്ന് മുൻ ആഴ്സണൽ താരം കൂടിയായ ഗ്നാബറി ബയേണ് സമനില നേടിക്കൊടുത്തു. 32ആം മിനുട്ടിൽ സാനെയെ സലിബ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഹാരി കെയ്ൻ ബയേണിനെ 2-1ന് മുന്നിൽ എത്തിച്ചു. 76ആം മിനുട്ടിൽ ജീസസിന്റെ അസിസ്റ്റിൽ നിന്ന് ട്രൊസാർഡ് ആഴ്സനലിന് സമനില നേടിക്കൊടുത്തു.

Similar Posts