Football
ഗോളിനൊപ്പം റഫറിയുടെ അന്തിമ വിസിലും; അത്യന്തം നാടകീയമായി റയൽ-വലൻസിയ മത്സരം
Football

ഗോളിനൊപ്പം റഫറിയുടെ അന്തിമ വിസിലും; അത്യന്തം നാടകീയമായി റയൽ-വലൻസിയ മത്സരം

Web Desk
|
3 March 2024 9:55 AM GMT

റഫറിയോട് മോശമായി പെരുമാറിയതിന് കളിയവസാനിച്ചശേഷം ജൂഡ് ബെല്ലിങ്ഹാമിന് റെഡ് കാർഡും ലഭിച്ചു

മാഡ്രിഡ്: അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് വലൻസിയ. ജൂഡ് ബെല്ലിങ്ഹാം ഹെഡ്ഡറിലൂടെ കളിയുടെ അവസാന സെക്കന്റിൽ വലകുലുക്കിയെങ്കിലും അപ്പോഴേക്കും റഫറിയുടെ വിസിൽ വന്നു കഴിഞ്ഞിരുന്നു. ഇതോടെ സ്പാനിഷ് റഫറി ജിസസ് ഗിൽ മൻസനോയുടെ അടുത്തേക്ക് റയൽ താരങ്ങളെല്ലാം പാഞ്ഞെത്തിയെങ്കിലും തീരുമാനം തിരുത്തിയില്ല.ഒടുവിൽ റയലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഈ സമയം റഫറിക്ക് നേരെ അസഭ്യം പറഞ്ഞതിന് ജൂഡ് ബെല്ലിങ്ഹാമിന് 90+9ാം മിനിറ്റിൽ നേരിട്ട് ചുവപ്പ് കാർഡും ലഭിച്ചു.

മത്സരശേഷം റഫറിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. ടീം അഡ്വാൻസ് പൊസിഷനിൽ നിൽക്കെ അന്തിമ വിസിൽ വന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് റയൽ ആരാധകർ. പരിശീലകൻ കാർലോ അൻസലോട്ടിയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. അതേസമയം, നേരത്തെ റയലിന് അനുകൂലമായി റഫറിമാർ നടത്തിയ നീക്കങ്ങൾ ചൂണ്ടിക്കാട്ടി എതിരാളികളും സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

വലൻസിയക്കെതിരായ എവേ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാമ്പ്യൻമാർ ശക്തമായ തിരിച്ചുവരവ് നടത്തിയത്. വിനീഷ്യസ് ജൂനിയർ ഇരട്ടഗോളുമായി തിളങ്ങി. സ്വന്തം തട്ടകത്തിൽ 27-ാം മിനിറ്റിൽ തന്നെ വലൻസിയ ലീഡെടുത്തു. ഹ്യൂഗോ ഡുറോയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ റയൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വലൻസിയ ലീഡ് ഇരട്ടിയാക്കി. 30-ാം മിനിറ്റിൽ റോമൻ യാരെംചുക്കാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയുടെ അധികസമയത്ത് വിനീഷ്യസ് ജൂനിറിലൂടെ റയൽ മാഡ്രിഡ് ഒരു ഗോൾ മടക്കി. റോഡ്രിഗോയുടെ അസിസ്റ്റിലായിരുന്നു വലകുലുക്കിയത്.

രണ്ടാം പകുതിയുടെ 76-ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു(2-2). അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും സുവർണാവസം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷം റയൽ മാഡ്രിഡ് ഗോൾനേടുന്നതിന് തൊട്ടുമുൻപ് റഫറി ഫൈനൽ വിസിൽ മുഴക്കുകയായിരുന്നു. 27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി റയൽ മാഡ്രിഡാണ് ലീഗിൽ ഒന്നാമത്.

Similar Posts